കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ ഹര്‍ജികളില്‍ സുപ്രീം കോടതി ഇന്ന് വാദം കേൾക്കും
സമരം തീർക്കാൻ സുപ്രീംകോടതി ഇടപെട്ട് സമിതി രൂപീകരിക്കുന്നതിനെ എതിർക്കേണ്ടതില്ലെന്നാണ് എട്ടാം വട്ട ചർച്ചയ്‌ക്ക് ശേഷമുള്ള കേന്ദ്രത്തിന്‍റെ നിലപാട്
ന്യൂഡൽഹി:കാർഷിക നിയമങ്ങളുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്‌ത് സമർപ്പിച്ച ഹർജികളിൽ സുപ്രീം കോടതി ഇന്ന് വാദം കേൾക്കും. അവസാനം വാദം കേട്ടപ്പോൾ കേന്ദ്രസർക്കാരും കർഷകരും തമ്മിലുള്ള ചർച്ച പ്രോത്സാഹിപ്പിക്കാനും എത്രയും പെട്ടെന്ന് സമരം പരിഹരിക്കാനുള്ള വഴികൾ കണ്ടെത്തണമെന്നും ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നിർദ്ദേശിച്ചിരുന്നു. സമരം തീർക്കാൻ സുപ്രീംകോടതി ഇടപെട്ട് സമിതി രൂപീകരിക്കുന്നതിനെ എതിർക്കേണ്ടതില്ലെന്നാണ് എട്ടാം വട്ട ചർച്ചയ്‌ക്ക് ശേഷമുള്ള കേന്ദ്രത്തിന്‍റെ നിലപാട്. അതേസമയം കേന്ദ്രവും കർഷകനേതാക്കളുമായുള്ള ഒമ്പതാം വട്ട ചർച്ച നിശ്ചയിച്ചിരിക്കുന്ന 15ന് രാജ്യമൊട്ടാകെ ഗവർണർമാരുടെ വസതിക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കാനാണ് തീരുമാനം.