ന്യൂഡൽഹി: വ്യാജ കൊവിഡ് വാക്‌സിനുകൾ വിൽക്കുന്നത് തടയാൻ ദുരന്തനിവാരണ നിയമപ്രകാരം നിർദേശങ്ങൾ പുറപ്പെടുവിയ്ക്കണമെന്നാവശ്യപ്പെടുന്ന ഹര്‍ജി സുപ്രീം കോടതി നാളെ പരിഗണിക്കും. അഭിഭാഷകൻ വിശാൽ തിവാരിയാണ് പൊതുതാത്പര്യ ഹർജി സമര്‍പ്പിച്ചത്. ജസ്റ്റിസുമാരായ ഡോ. ഡി വൈ ചന്ദ്രചൂഡ്, എൽ നാഗേശ്വര റാവു, ശ്രീപതി രവീന്ദ്ര ഭട്ട് എന്നിവരടങ്ങുന്ന ബഞ്ചാണ് കേസ് പരിഗണിക്കുക. 2021 ഫെബ്രുവരി 11ന് അന്നത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന എസ്.എ ബോബ്ഡെയുടെ നേതൃത്വത്തിലുള്ള ബഞ്ച് തിവാരിയുടെ ഹർജി പരിഗണിക്കാൻ വിസമ്മതിക്കുകയും വ്യക്തമായ വസ്തുതകളോടെ പുതിയ ഹർജി ഫയൽ ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഏതെങ്കിലും സംഘടനയോ വ്യക്തിയോ വ്യാജ വാക്‌സിൻ വിൽക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്താല്‍ ക്രിമിനൽ നടപടിയായി കണ്ട് നിയമം കർശനമായി നടപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകണമെന്ന് തിവാരി ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. കൊവിഡ് വാക്‌സിനേഷൻ പ്രോഗ്രാമിനൊപ്പം നിരവധി ക്രിമിനൽ സംഘടനകളും സജീവമാകുമെന്നും വ്യാജ വാക്‌സിൻ വിൽപ്പനയ്‌ക്കെതിരെ ഇന്‍റർപോൾ എല്ലാ രാജ്യങ്ങൾക്കും ഓറഞ്ച് നോട്ടിസ് നൽകിയിട്ടുണ്ടെന്നും അപേക്ഷകൻ പറയുന്നു.