ന്യൂഡല്‍ഹി: ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരി ജില്ലയിൽ കര്‍ഷകര്‍ക്കിടയിലേക്ക് കാറിടിച്ച് കയറ്റിയ സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് നുതലപതി വെങ്കട രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോലി എന്നിവരടങ്ങിയ ബഞ്ച് വ്യാഴാഴ്‌ച കേസ് പരിഗണിക്കും.
ഞായറാഴ്‌ചയാണ് ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ മന്ത്രിമാര്‍ക്കെതിരേ നടന്ന കര്‍ഷ പ്രതിഷേധത്തിലേക്ക് വാഹനം ഓടിച്ചുകയറ്റിയത്. വാഹനത്തിന് അടിയില്‍ പെട്ട് രണ്ട് കര്‍ഷകര്‍ കൊല്ലപ്പെട്ടു. ഇതോടെയാണ് പ്രദേശത്ത് സംഘര്‍ഷമുണ്ടായത്.
മരിച്ച നാല് കർഷകരിൽ ഒരാളെ കേന്ദ്ര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര വെടിവച്ച് കൊലപ്പെടുത്തിയതാണെന്നും മറ്റ് മൂന്നുപേരെ വാഹനവ്യൂഹം അപകടപ്പെടുത്തിയതുമാണെന്നാണ് സംയുക്ത കിസാൻ മോർച്ചയുടെ (എസ്‌കെഎം) ആരോപണം.