ന്യൂഡല്‍ഹി : വാരാണസിയിലെ ഗ്യാന്‍വാപി മസ്‌ജിദില്‍ കണ്ടെത്തിയ ശിവലിംഗമെന്ന് പറയപ്പെടുന്ന നിര്‍മിതിയുടെ കാലപ്പഴക്കം നിര്‍ണയിക്കുന്നതിനായുള്ള ശാസ്‌ത്രീയ സര്‍വേ മാറ്റി വച്ച് സുപ്രീം കോടതി. മസ്‌ജിദിലെ കാര്‍ബണ്‍ ഡേറ്റിങ് ഉള്‍പ്പടെയുള്ള സര്‍വേയാണ് നീട്ടിയത്. ഗ്യാന്‍വാപിയിലെ കാര്‍ബണ്‍ ഡേറ്റിങ് പരിശോധനയ്‌ക്കെതിരെ മസ്‌ജിദ് കമ്മിറ്റി നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് കോടതി ഉത്തരവ്.
വിഷയത്തില്‍ സൂക്ഷ്‌മ പരിശോധന ആവശ്യമുണ്ടെന്ന് പറഞ്ഞ കോടതി ശാസ്‌ത്രീയ സര്‍വേ മാറ്റിവയ്‌ക്കുകയായിരുന്നു. തുടര്‍ന്ന് കേന്ദ്രത്തിനും ഉത്തര്‍പ്രദേശ് സര്‍ക്കാരിനും ഹിന്ദു വിഭാഗത്തിനും നോട്ടിസ് അയച്ചു. കോടതിയുടെ നിരീക്ഷണം കേന്ദ്രവും ഉത്തര്‍പ്രദേശ് സര്‍ക്കാറും അംഗീകരിച്ചു.
ജസ്റ്റിസുമാരായ പിഎസ് നരസിംഹ, കെ.വി വിശ്വനാഥൻ എന്നിവരടങ്ങിയ ബഞ്ചിന്‍റേതാണ് ഉത്തരവ്. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മിതിയുടെ കാലപ്പഴക്കം നിര്‍ണയിക്കാന്‍ മെയ് 12ന് അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതേ തുടര്‍ന്ന് മെയ് 16നാണ് വാരാണസി കോടതി മസ്‌ജിദ് പരിസരം എഎസ്‌ഐയുടെ സര്‍വേയ്ക്കായി പരിഗണിക്കാന്‍ അനുവദിച്ചത്.
ശിവലിംഗമാണെന്ന് അവകാശപ്പെടുന്ന ഈ നിര്‍മിതിക്ക് മുസ്‌ലിം മത വിശ്വാസികള്‍ നമസ്‌കാരത്തിന് മുമ്പ് വുദു എടുക്കുന്ന 'വസുഖാന'യുടെ (വുദു ചെയ്യാനായി വെള്ളം എടുക്കുന്ന കുളം) ഭാഗമാണെന്നും അവകാശ വാദം ഉയരുന്നുണ്ട്. വിഷയത്തില്‍ ശാസ്‌ത്രീയ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു മതവിശ്വാസികളായ നാല് സ്‌ത്രീകള്‍ സമര്‍പ്പിച്ച ഹര്‍ജി കഴിഞ്ഞ ഒക്‌ടോബറില്‍ കോടതി തള്ളിയിരുന്നു. അതിനെതിരെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. ജസ്റ്റിസ് അരവിന്ദ് കുമാര്‍ മിത്രയുടേതായിരുന്നു ഉത്തരവ്.
also read:'ഉമ്രാൻ മാലിക് എവിടെ ?, യുവ താരങ്ങളെ കൈകാര്യം ചെയ്യുന്നതിൽ സണ്‍റൈസേഴ്‌സ് പരാജയം' ; ആഞ്ഞടിച്ച് യൂസഫ് പത്താൻ
മസ്‌ജിദില്‍ കണ്ടെത്തിയ നിര്‍മിതി ശിവലിംഗമാണെന്നാണ് ഹിന്ദു മതവിശ്വാസികളുടെ വാദം. അതുകൊണ്ടാണ് വിഷയത്തില്‍ ശാസ്‌ത്രീയ പരിശോധന വേണമെന്ന് അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടത്. കഴിഞ്ഞ വര്‍ഷവും മെയ് മാസത്തില്‍ മസ്‌ജിദില്‍ വീഡിയോ ഗ്രാഫിക് സര്‍വേ നടത്തിയിരുന്നു. എന്നാല്‍ കാര്‍ബണ്‍ ഡേറ്റിങ്ങിലൂടെ മാത്രമേ വസ്‌തുതകള്‍ തിരിച്ചറിയാനാകൂവെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം.
ഗ്യാന്‍വാപിയിലെ നിയമ പോരാട്ടം തുടങ്ങിയിട്ട് വര്‍ഷങ്ങളേറെ : 1991ലാണ് വാരാണസിയിലെ ഗ്യാന്‍വാപി മസ്‌ജിദുമായി ബന്ധപ്പെട്ട് മതവിഭാഗങ്ങള്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നത്. മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസേബിന്‍റെ ഭരണകാലത്ത് നിര്‍മിക്കപ്പെട്ട പള്ളിയാണ് ഗ്യാന്‍വാപി മസ്‌ജിദ്. എന്നാല്‍ ഭഗവാന്‍ വിശ്വേശ്വരന്‍റെ ക്ഷേത്രം പൊളിച്ച് നീക്കിയാണ് മസ്‌ജിദ് പണിതിരിക്കുന്നതെന്ന് ഹിന്ദു മതവിഭാഗം അവകാശപ്പെടുന്നു.
അതിനെല്ലാം കാരണമാകുന്നത് മസ്‌ജിദില്‍ കണ്ടെത്തിയ നിര്‍മിതിയാണ്. ശിവലിംഗത്തിന്‍റെ ആകൃതിയിലുള്ള ഇത് ശിവലിംഗമാണെന്ന് ഉറച്ച് വിശ്വസിക്കുകയാണ് ഹിന്ദു മത വിശ്വാസികള്‍. എന്നാല്‍ അത് ശിവലിംഗമല്ലെന്ന് വാദം ഉന്നയിക്കുകയാണ് മുസ്‌ലിം മതസ്ഥര്‍. ഇങ്ങനെ തുടങ്ങിയ പ്രശ്‌നങ്ങളാണ് പിന്നീട് വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്ന കേസായി മാറിയത്.
also read:മൂന്നാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ആരോപണങ്ങളുടെ ചക്രവ്യൂഹത്തില്‍ കുടുങ്ങി രണ്ടാം പിണറായി സര്‍ക്കാര്‍
ഇരുവിഭാഗങ്ങളും തമ്മില്‍ സംഘര്‍ഷങ്ങള്‍ ഉടലെടുത്തതോടെ ശിവലിംഗം കണ്ടെത്തിയെന്ന് പറയപ്പെടുന്ന സ്ഥലം സംരക്ഷിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഹിന്ദു മതവിശ്വാസികള്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് കോടതി മേഖലയില്‍ സംരക്ഷണം ഒരുക്കിയത്. മാത്രമല്ല സ്ഥലം സീല്‍ ചെയ്യണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.