ഡൽഹി : ആന്ധ്രാപ്രദേശ് നൈപുണ്യ വികസന അഴിമതിക്കേസില്‍ ഇടക്കാല ജാമ്യം തേടി ടിഡിപി അധ്യഷൻ ചന്ദ്രബാബു നായിഡു സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുന്നത് നീട്ടി സുപ്രീം കോടതി. ഹർജി ഇനി തിങ്കളാഴ്‌ച (ഒക്ടോബര്‍ 9) പരിഗണിക്കും. (SC Postponed Chandrababu Naidu's Petition). ഹൈക്കോടതിയിൽ സമർപ്പിച്ച എല്ലാ രേഖകളും തിങ്കളാഴ്‌ചയ്‌ക്കകം സമർപ്പിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു.
ജസ്റ്റിസ് അനിരുദ്ധ ബോസ്, ജസ്റ്റിസ് ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് കേസിൽ വിധി പറയുക. സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകരായ ഹരീഷ് സാൽവെ, അഭിഷേക് സിങ്‌വി, സിദ്ധാർത്ഥ ലൂത്ര എന്നിവരാണ് നായിഡുവിനായി വാദിക്കുന്നത്. മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗിയാണ് സിഐഡിയ്‌ക്ക് വേണ്ടി ഹാജരായത്.
രാഷ്‌ട്രീയ പ്രതികാര നടപടികൾ തടയാന്‍ വേണ്ടി കൊണ്ടുവന്ന വകുപ്പാണ് 17(എ). എന്നാൽ ഈ കേസിൽ ആ വകുപ്പ് ബാധകമാണോ എന്ന് ഹരീഷ് സാൽവെ വാദത്തിനിടെ ചോദ്യമുന്നയിച്ചു. കേസിലെ ആരോപണങ്ങൾ ശരിയല്ലെന്നും ഇതിനെ കുറിച്ച് കൂടുതൽ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അഴിമതി വിരുദ്ധ നിയമ ഭേദഗതിയിലെ ഓരോ വാക്കും തങ്ങള്‍ പരിശോധിച്ചാതായി അഭിഷേക് സിങ്‌വി കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. മന്ത്രിസഭാ തീരുമാനങ്ങളുടെ ഉത്തരവാദിത്തം പൂർണമായി മുഖ്യമന്ത്രിയ്ക്കായിരിക്കില്ലെന്നും അഭിഷേക് സിങ്‌വി വ്യക്തമാക്കി. ട്രാപ്പ് കേസ് ഒഴികെയുള്ള 6 തരം ചാർജുകൾക്ക് 17(എ) ബാധകമാണ്. 2015 മുതൽ 2019 വരെയുള്ള സംഭവങ്ങളിൽ ഈ ആരോപണത്തിന് പ്രസക്‌തിയുണ്ടെന്നും അദ്ദേഹം കോടതിയോട് പറഞ്ഞു.
Also Read: N Chandrababu Naidu Arrest : ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അറസ്റ്റില്‍, പൊലീസ് നടപടി അഴിമതി കേസില്‍
നിയമങ്ങൾ ഭേദഗതി ചെയ്‌തത് 2018ൽ ആണെന്നും കേസില്‍ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തത് 2021ൽ ആണെന്നും സിഐഡിയ്‌ക്ക് വേണ്ടി ഹാജരായ മുകുൾ റോത്തഗി കോടതിയെ അറിയിച്ചു. 10 ശതമാനം സർക്കാർ സ്ഥാപനങ്ങളുടെയും 90 ശതമാനം സ്വകാര്യ സ്ഥാപനങ്ങളുടെയും പേരിൽ നൂറുകണക്കിന് കോടി രൂപ ദുരുപയോഗം ചെയ്‌തിട്ടുണ്ടെന്നും റോത്തഗി കോടതിയിൽ പറഞ്ഞു. ഹർജിക്കാരൻ ഇതുവരെ കൗണ്ടർ ഫയൽ ചെയ്‌തിട്ടില്ലെന്നും റോത്തഗി കോടതിയെ അറിയിച്ചു. രേഖകളും സത്യവാങ്മൂലവും സമർപ്പിക്കാൻ അദ്ദേഹം സമയം ആവശ്യപ്പെട്ടു. അതേസമയം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ സംസ്ഥാനത്തോട് ആവശ്യപ്പെട്ട കോടതി ഹര്‍ജിയില്‍ തുടർ വാദം കേൾക്കുന്നത് ഒക്ടോബര്‍ 9 ലേക്ക് മാറ്റി.