ന്യൂഡൽഹി:രാജ്യത്ത് ഓക്സിജൻ ലഭ്യതയും വിതരണവും ഉറപ്പാക്കാൻ 12 അംഗ കർമ സമിതിയെ നിയോഗിച്ച് സുപ്രീം കോടതി. ശാസ്ത്രീയവും ന്യായവുമായ രീതിയിൽ ഓക്സിജൻ വിതരണം ലഭ്യമാക്കുന്നതിനാണ് സമിതി. മരുന്നുകളുടെ ലഭ്യതയും വിതരണവും സമിതി ഉറപ്പുവരുത്തും. എല്ലാ സംസ്ഥാനങ്ങൾക്കും ആവശ്യമായ ഓക്സിജൻ എത്തുന്നുണ്ടെന്നും പരിശോധിക്കും. ഇതെല്ലാം സംബന്ധിച്ച് സമിതി തയ്യാറാക്കുന്ന റിപ്പോർട്ടുകൾ കേന്ദ്രത്തിനും സുപ്രീം കോടതിയിലും സമർപ്പിക്കും.
കൂടുതല്‍ വായിക്കുക……. ഓക്‌സിജൻ വിതരണം: കേന്ദ്രം സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും
ക്യാബിനറ്റ് സെക്രട്ടറിയാണ് 12 അംഗ സമിതിയുടെ കൺവീനർ. രണ്ട് അംഗങ്ങൾ കേന്ദ്ര സർക്കാരിൽ നിന്നാണ്. പശ്ചിമ ബംഗാൾ ഹെൽത്ത് സയൻസ് യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ. ഭാബതോഷ് ബിശ്വാസ്, മേദാന്ത ആശുപത്രി എംഡിയും ചെയർപേഴ്സണുമായ ഡോ നരേഷ് ട്രെഹാൻ തുടങ്ങിയവരാണ് ദേശീയ ദൗത്യസംഘത്തിലെ അംഗങ്ങൾ. ഒരാഴ്ചയ്ക്കുള്ളിൽ ഇവർ പ്രവർത്തനം ആരംഭിക്കും. മഹാമാരിയെ ദേശീയ തലത്തിൽ നേരിടുന്നതിന് സമിതി ആവശ്യമാണെന്ന് കോടതി വിലയിരുത്തി. മേഖലയിൽ വിദഗ്ധരായ ആളുകൾ ഇതുമായി സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കോടതി പറഞ്ഞു.
വീട്ടിൽ കഴിയുന്ന കോവിഡ് രോഗികളുടെ കാര്യത്തിൽ ശ്രദ്ധ നൽകുന്നതിലും ആംബുലൻസ് സൗകര്യം ഒരുക്കുന്നതിലും കേന്ദ്രസർക്കാർ പരാജയപ്പെട്ടെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് ഓക്സിജൻ വിതരണം വിലയിരുത്തുന്നതിനായി പ്രത്യേക സമിതി രൂപീകരിക്കാൻ ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, എംആർ ഷാ എന്നിവരടങ്ങളിയ ബഞ്ച് ഉത്തരവിട്ടത്.