ന്യൂഡൽഹി : ഹൈക്കോടതി ജഡ്ജിമാരുടെ (High Court Judges) നിയമനം വൈകുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി (Supreme Court of India). എഴുപതോളം ഹൈക്കോടതി ജഡ്‌ജിമാരുടെ നിയമന ശുപാര്‍ശകള്‍ കേന്ദ്ര സര്‍ക്കാര്‍ കൊളീജിയത്തിന് (Collegium) കൈമാറാത്തതാണ് സുപ്രീം കോടതിയുടെ ആശങ്കയ്‌ക്കാധാരം (SC Express Concern To Centre On Appointment of 70 HC Judges Delayed). ജഡ്‌ജി നിയമനത്തില്‍ കാലതാമസം വരുത്തുന്നെന്നാരോപിച്ചുള്ള ഹര്‍ജികള്‍ വീണ്ടും പരിഗണിക്കവേ, കേസില്‍ ഉത്തരവിറങ്ങി മാസങ്ങളായിട്ടും ഒന്നും സംഭവിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാരിനുവേണ്ടി ഹാജരായ അറ്റോർണി ജനറല്‍ ആർ വെങ്കിട്ടരമണിയോട് (Attorney General R Venkataramani) കോടതി പറഞ്ഞു. അത്യന്തം സെന്‍സിറ്റീവായ, കോടതിയിലെ ചീഫ് ജസ്റ്റിസ് നിയമനം പോലും അനിശ്ചിതമായി നീളുന്നതായും കോടതി നിരീക്ഷിച്ചു.
ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, സുധാന്‍ഷു ധൂലിയ എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് നിരീക്ഷണം. "കഴിഞ്ഞയാഴ്‌ച 10 പേരുകൾ അംഗീകരിക്കുന്നതുവരെ 80 ശുപാർശകളാണ് തീർപ്പാക്കാന്‍ ബാക്കി നിന്നത്. ഇപ്പോൾ ഈ സംഖ്യ 70 ആണ്, അതിൽ 26 ശുപാർശകൾ ജഡ്‌ജിമാരുടെ സ്ഥലംമാറ്റമാണ്, ഏഴെണ്ണം കേന്ദ്രം മടക്കിയ പേരുകള്‍ വീണ്ടും അയച്ചതാണ്, ഒമ്പതെണ്ണം കൊളീജിയത്തിന് കൈമാറാതെ കെട്ടിക്കിടക്കുന്നവയും, ഒരെണ്ണം സെന്‍സിറ്റീവായ കോടതിയിലെ ചീഫ് ജസ്റ്റിസ് നിയമനവുമാണ്." -ജസ്റ്റിസ് എസ് കെ കൗള്‍ പറഞ്ഞു. ഹൈക്കോടതി ശുപാര്‍ശ ചെയ്തിട്ടും കൊളീജിയത്തിന് ലഭിച്ചിട്ടില്ലാത്ത എത്ര പേരുകള്‍ തീര്‍പ്പുകല്‍പ്പിക്കാതെ കിടക്കുന്നു എന്നതിന്‍റെ വിവരം തന്‍റെ പക്കലുണ്ടെന്നും എസ് കെ കൗള്‍ പറഞ്ഞു.