ന്യൂഡല്‍ഹി : ഡല്‍ഹി മദ്യനയ കേസില്‍ (Delhi Excise Policy Case) ജാമ്യം ആവശ്യപ്പെട്ട് എഎപി നേതാവും മുന്‍ ഡല്‍ഹി ഉപമുഖ്യമന്ത്രിയുമായിരുന്ന മനീഷ് സിസോദിയ സമര്‍പ്പിച്ച ഹര്‍ജി തള്ളി സുപ്രീം കോടതി (SC On Manish Sisodia In Delhi Excise Policy Case). ഇഡിയും സിബിഐയും രജിസ്റ്റര്‍ ചെയ്‌ത കേസിലാണ് സിസോദിയ ജാമ്യ ഹര്‍ജി സമര്‍ച്ചിച്ചത്. അപേക്ഷ തള്ളിയതോടെ സിസോദിയ ജയിലില്‍ തുടരും.
കേസിന്‍റെ വിചാരണ മൂന്ന് മാസം കൊണ്ട് പൂര്‍ത്തിയാക്കും എന്നത് കണക്കിലെടുത്താണ് സുപ്രീം കോടതിയുടെ തീരുമാനം. നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ കഴിഞ്ഞ ഫെബ്രുവരി 26നാണ് മദ്യനയ കേസില്‍ മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്‌തത്. മദ്യനയത്തിലെ സാമ്പത്തിക ക്രമക്കേട് ഇഡി ആണ് അന്വേഷിക്കുന്നത് (Manish Sisodia In Delhi Excise Policy Case).
സിബിഐ അറസ്റ്റിനെ തുടര്‍ന്ന് കെജ്‌രിവാള്‍ മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രി സ്ഥാനം മനീഷ് സിസോദിയ രാജി വച്ചിരുന്നു. അന്വേഷണവുമായി സിസോദിയ സഹകരിക്കുന്നില്ലെന്നാണ് സിബിഐ കോടതിയെ നേരത്തെ അറിയിച്ചത്. എന്നാല്‍, സിബിഐ തന്നോട് ഒരേ ചോദ്യം തന്നെ മണിക്കൂറുകളോളം ആവര്‍ത്തിച്ച് ചോദിക്കുകയാണ് എന്നായിരുന്നു വിഷയത്തില്‍ സിസോദിയയുടെ പ്രതികരണം. അതിനിടെയാണ് സിസോദിയയെ മദ്യനയ കേസിലെ സാമ്പത്തിക ക്രമക്കേടില്‍ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റും അറസ്‌റ്റ് ചെയ്യുന്നത്.
ഇത് കൂടാതെ സിസോദിയക്കെതിരെ സിബിഐ മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്‌തിരുന്നു. ഡൽഹി സർക്കാരിന്‍റെ ഫീഡ്ബാക്ക് യൂണിറ്റ് ഉപയോഗിച്ച് പാര്‍ട്ടി താത്‌പര്യങ്ങള്‍ക്ക് വേണ്ടി സിസോദിയ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌തു എന്നായിരുന്നു രണ്ടാമത്തെ കേസ്. സിസോദിയയെ ദീർഘകാലം കസ്‌റ്റഡിയിൽ വയ്ക്കാൻ വേണ്ടി നിരവധി കള്ളക്കേസുകൾ ചുമത്താനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതിയിട്ടിരിക്കുന്നതെന്നായിരുന്നു സംഭവത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ പ്രതികരണം.
കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് സിസോദിയ വലിയ രീതിയിലുള്ള സാമ്പത്തിക പ്രതിസന്ധി നേരിടുന്നതായി റിപ്പോര്‍ട്ട് വന്നത്. ശിക്ഷ അനുഭവിക്കുന്നതിനാൽ അദ്ദേഹത്തിന്‍റെ ബാങ്ക് അക്കൗണ്ട് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് മരവിപ്പിച്ചതാണ് കാരണമായി പറഞ്ഞിരുന്നത്. ഇതോടെ സിസോദിയയുടെ കുടുംബത്തിന്‍റെയും ഭാര്യയുടെ ചികിത്സയുടെയും ചെലവിന് ആവശ്യമായ പണമില്ലെന്നും അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ കോടതിയെ അറിയിക്കുകയുണ്ടായി. തുടർന്ന് ജൂലൈ 31ന് ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാൻ അനുമതി തേടി റോസ് അവന്യൂ കോടതിയിൽ ഹർജി നൽകി.