ന്യൂഡല്‍ഹി:കള്ളപ്പണം വെളുപ്പിക്കല്‍ കേസുകളില്‍ ഇഡി അറസ്റ്റ് ചെയ്യുന്ന പ്രതികള്‍ക്ക് അറസ്റ്റ് ചെയ്യപ്പെടാനുണ്ടായ കാരണത്തെ കുറിച്ച് വിവരം നല്‍കണമെന്ന് സുപ്രീംകോടതി. അറസ്റ്റ് ചെയ്യപ്പെട്ട് 24 മണിക്കൂറിനുള്ളില്‍ പ്രതികള്‍ക്ക് ഇഡി വിവരം നല്‍കണമെന്നാണ് നിര്‍ദേശം. ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവര്‍ അടങ്ങുന്ന ബെഞ്ചിന്‍റേതാണ് ഉത്തരവ്.
'ഞങ്ങളുടെ അഭിപ്രായത്തില്‍ പ്രതികള്‍ അറസ്റ്റിലാകപ്പെട്ട സമയം മുതല്‍ വേഗത്തില്‍ കാരണങ്ങളെ കുറിച്ച് പ്രതികള്‍ക്ക് വിവരം നല്‍കണമെന്നാണ്. കേസില്‍ ബാക്കിയുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ അത് സഹായകരമാകുമെന്നും ' ബെഞ്ച് വ്യക്തമാക്കി.അറസ്റ്റിന്‍റെ കാരണങ്ങളെ കുറിച്ച് പ്രതികള്‍ക്ക് വിവരം നല്‍കുന്നതിലൂടെ ആര്‍ട്ടിക്കിള്‍ (22) 1 പാലിക്കപ്പെടുകയാണ്.
അറസ്റ്റിലായ വ്യക്തിയെ പ്രത്യേക കോടതിയില്‍ ഹാജരാക്കുകയോ അല്ലെങ്കില്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്യുകയോ ചെയ്‌താല്‍ കേസുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കാന്‍ സുപ്രീംകോടതിക്ക് സ്വാതന്ത്ര്യമുണ്ടെന്നും ബെഞ്ച് പറഞ്ഞു. വിജയ് മദൻലാൽ ചൗധരി കേസിൽ (2022) മൂന്നംഗ ബെഞ്ച് പുറപ്പെടുവിച്ച നിയമത്തിന് പിഎംഎൽഎയുടെ 19(1) വകുപ്പിന് ന്യായമായ ബന്ധമുണ്ടെന്നും കോടതി നിരീക്ഷിച്ചു.
റിയല്‍ എസ്‌റ്റേറ്റ് കമ്പനിയായ സൂപ്പര്‍ടെക് സ്ഥാപകന്‍ രാം കിഷോര്‍ അറോറ ബന്‍സാലിന്‍റെ കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് 24 മണിക്കൂറിനുള്ളില്‍ രേഖാമൂലം കാരണം വ്യക്തമാക്കത്തത് കൊണ്ട് അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജി തള്ളികൊണ്ടാണ് സുപ്രീംകോടതി ഉത്തരവ്. 24 മണിക്കൂറിനുള്ളില്‍ പ്രതികളെ വിവരം അറിയിക്കണമെന്ന് ഉത്തരവിട്ട കോടതി 'ഇനി മുതല്‍' ഇത് തുടരണമെന്ന് അടിവരയിട്ടു പറഞ്ഞു.