അഹമ്മദാബാദ്: മഹാരാഷ്‌ട്രയെ കീഴടക്കി വിജയ് ഹസാരെ ട്രോഫിയിൽ മുത്തമിട്ട് സൗരാഷ്‌ട്ര. അഞ്ച് വിക്കറ്റിന്‍റെ തകർപ്പൻ ജയത്തോടെയാണ് സൗരാഷ്‌ട്ര തങ്ങളുടെ രണ്ടാം വിജയ് ഹസാരെ ട്രോഫി സ്വന്തമാക്കിയത്. മഹാരാഷ്‌ട്രയുടെ 284 റണ്‍സ് വിജയലക്ഷ്യം 46.3 ഓവറിൽ അഞ്ച് വിക്കറ്റുകൾ ശേഷിക്കെ സൗരാഷ്‌ട്ര മറികടക്കുകയായിരുന്നു. വിക്കറ്റ് കീപ്പർ ബാറ്റർ ഷെൽഡണ്‍ ജാക്‌സന്‍റെ തകർപ്പൻ സെഞ്ച്വറിയാണ് (133) സൗരാഷ്‌ട്രയ്‌ക്ക് വിജയം നേടിക്കൊടുത്തത്.
ആദ്യം ബാറ്റ് ചെയ്‌ത മഹാരാഷ്‌ട്ര റിതുരാജ് ഗെയ്‌ക്‌വാദിന്‍റെ തകർപ്പൻ സെഞ്ച്വറി മികവിലാണ് മഹാരാഷ്‌ട്ര 283 റണ്‍സ് സ്വന്തമാക്കിയത്. 131 പന്തിൽ നാല് സിക്‌സും ഏഴ് ഫോറും ഉൾപ്പെടെയാണ് ഗെയ്‌ക്‌വാദ് സെഞ്ച്വറി പൂർത്തിയാക്കിയത്. ടൂർണമെന്‍റിൽ താരത്തിന്‍റെ തുടർച്ചയായ മൂന്നാം സെഞ്ച്വറിയാണിത്.
റിതുരാജിനെ കൂടാതെ അസിം കാസി (37), നൗഷാദ് ഷെയ്‌ഖ് (31), ബച്ചവ് (27) എന്നിവർക്ക് മാത്രമാണ് മഹാരാഷ്‌ട്ര നിരയിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനായത്. പവന്‍ ഷാ (4), അങ്കിത് ബാവ്‌നെ (16), സൗരഭ് നവലെ (13) രാജ്‌വര്‍ധന്‍ ഹംഗര്‍ഗേക്കര്‍ (0), വിക്കി ഒസ്ത്വള്‍ (0) എന്നിവര്‍ക്കും തിളങ്ങാനായില്ല. മുകേഷ് ചൗധരി (2) പുറത്താവാതെ നിന്നു. സൗരാഷ്‌ട്രക്കായി ചിരാഗ് മൂന്ന് വിക്കറ്റ് നേടിയപ്പോൾ പ്രേരക് മങ്കാദ്, പാര്‍ത്ഥ് ഭട്ട്, ഉനദ്ഖട്ട് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ മഹാരാഷ്‌ട്രക്കായി ഷെൽഡണ്‍ ജാക്‌സണും ഹാർവിക് ദേശായിയും ചേർന്ന മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ തന്നെ 125 റണ്‍സ് കൂട്ടിച്ചേർത്തു. മികച്ച രീതിയിൽ മുന്നേറുന്നതിനിടെ ഹാർവിക് ദേശായിയേയും (50), ജയ് ഗോഹിലിനേയും(0) ഓരേ ഓവറിൽ മടക്കിയയച്ച് മുകേഷ് ചൗദരി മഹാരാഷ്‌ട്രയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു.
പിന്നാലെ സമർഥ് വ്യാസ് (12), അർപിത് വാസവദ (15), പ്രേരക് മങ്കാദ് (1) എന്നിവരും മടങ്ങി. എന്നാൽ തുടർന്ന് ക്രീസിലെത്തിയ ചിരാഗിനെ കൂട്ടുപിടിച്ച് ഷെൽഡണ്‍ ജാക്‌സണ്‍ ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ചിരാഗ് പുറത്താകാതെ 30 റണ്‍സ് നേടി. 136 പന്തിൽ അഞ്ച് സിക്‌സും 12 ഫോറും ഉൾപ്പെടെയാണ് ഷെൽഡണ്‍ 133 റണ്‍സ് നേടിയത്. മഹാരാഷ്‌ട്രക്കായി മുകേഷ്, വിക്കി ഒസ്‌ത്വാൾ എന്നിവർ രണ്ടു വിക്കറ്റും സത്യജീത് ബച്ചവ് ഒരു വിക്കറ്റും വീഴ്‌ത്തി.