പരസ്പരം ശത്രുത വച്ചുപുലര്‍ത്തുന്ന രാജ്യങ്ങള്‍ കൊമ്പുകോര്‍ക്കുന്നത് അവസാനിപ്പിച്ച്, കൈകോര്‍ക്കുന്നത് ലോകത്ത് ഇതാദ്യമായല്ല. അത്തരത്തില്‍ പശ്ചിമേഷ്യയിൽ നിന്ന് ഉയർന്നുവരുന്ന പുതിയ അച്ചുതണ്ടിനെക്കുറിച്ചാണ് നിലവില്‍ ലോകം ഏറ്റവുമധികം ചര്‍ച്ച ചെയ്യുന്നത്. ചൈനയുടെയും റഷ്യയുടെയും കാര്യങ്ങളില്‍ അന്തംവിട്ടു നിന്ന ലോകജനത ഇപ്പോള്‍ അത്ഭുതത്തോടെ നോക്കികാണുന്നത് സൗദി അറേബ്യയേയും ഇറാനെയുമാണ്. കാരണം ഇവര്‍ക്കിടയിലെ മഞ്ഞുരുകി തുടങ്ങിയിരിക്കുന്നു.
സൗദി പിന്തുണയുള്ള സര്‍ക്കാരിനെതിരെ യെമൻ ഹൂതികൾക്കിടയിൽ വിരോധം കുത്തിനിറച്ചിരുന്ന ഇറാൻ ഇപ്പോള്‍ ശാന്തതയുടെ പാതയിലാണ്. അത് ആ മേഖലകളില്‍ പ്രകടവുമാണ്. മാത്രമല്ല ലെബനനിലെയും സിറിയയിലെയും സംഘർഷങ്ങൾ അവസാനിപ്പിക്കാൻ തയ്യാറാണെന്ന പ്രതീതിയും പടരുന്നുണ്ട്. എന്നാല്‍ ഇതൊന്നും തന്നെ ഒറ്റരാത്രി ഇരുട്ടിവെളുത്തപ്പോള്‍ കണ്ട സംഭവവികാസങ്ങളല്ല.
പടിഞ്ഞാറന്‍ ഏഷ്യയില്‍ കൃത്യമായ ഇടപെടലുകള്‍ നടത്തി മികച്ച പ്രതിച്ഛായയോടെ, മേഖലയിലെ യുഎസ് സ്വാധീനം കുറയ്‌ക്കുക എന്നതില്‍ ചൈന വിജയിക്കുകയായിരുന്നുവെന്ന് പറയാം.
'അവഗണന' മുതലെടുത്ത്: 2019ല്‍ സൗദി എണ്ണ പ്ലാന്‍റിലേക്ക് ഹൂതി വിമതര്‍ നടത്തിയ ആക്രമണത്തെ തണുപ്പന്‍ പ്രതികരണത്തോടെയാണ് അമേരിക്കയിലെ ട്രംപ് ഗവണ്‍മെന്‍റ് സമീപിച്ചത്. എന്നാല്‍ ആശ്വാസ വാക്കുകളുമായെത്തിയ ചൈനയ്‌ക്കാവട്ടെ അതോടെ മേഖലയില്‍ അടിത്തറ ഉറപ്പിക്കാനുമായി. മാത്രമല്ല തെരഞ്ഞെടുപ്പ് പ്രചരണങ്ങളിലത്രയും യുഎസ് ശക്തിക്ക് മുന്നില്‍ സൗദി ഒന്നുമല്ലെന്ന് വിളംബരപ്പെടുത്തി ട്രംപിന്‍റെ സമീപനത്തെ ബൈഡന്‍ അറക്കിട്ടുറപ്പിക്കുകയും ചെയ്‌തു.
അഫ്‌ഗാനിസ്ഥാനെ താലിബാന്‍റെ ശിക്ഷണത്തിന് വിട്ട് ഒറ്റരാത്രിയില്‍ യുഎസ് സേന സ്ഥലംവിട്ടത് സൗദിയുടെ സംശയങ്ങളെ ഒന്നുകൂടി ബലപ്പെടുത്തി. ദോഹ ഉടമ്പടി പ്രകാരം മേഖലയില്‍ നിന്നുള്ള യു.എസിന്‍റെ സുരക്ഷിതമായ പുറത്തുകടക്കലായിരുന്നു ഇതെന്നും അവര്‍ ആരോപിച്ചു.
ചില ഒത്തുതീര്‍പ്പുകള്‍:എന്നാല്‍ യുക്രൈനിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കുതിച്ചുയര്‍ന്ന എണ്ണവിലയില്‍ അയവുവരുത്തിയില്ലെങ്കില്‍ തന്‍റെ നിലനില്‍പ്പ് അവതാളത്തിലാകുമെന്ന് മനസിലാക്കിയ ബൈഡന് തന്‍റെ പഴയ നിലപാട് മാറ്റേണ്ടിവന്നു. ഇതിന്‍റെ ഭാഗമായി കടുത്ത വിമര്‍ശനങ്ങള്‍ക്കിടയിലും എണ്ണ ഉൽപ്പാദനം വർധിപ്പിക്കാൻ പ്രേരിപ്പിക്കുന്നതിനായി ബൈഡന്‍ സൗദിയിലേക്ക് വിമാനം കയറി. കുതിച്ചുയരുന്ന ഊര്‍ജ വിപണിയില്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങളുടെ സഹായം തേടാനുറച്ചായിരുന്നു ആ യാത്ര.
മുമ്പേ ഓടിയ 'റഷ്യ': എന്നാല്‍ അമേരിക്കയുടെ ശ്രമങ്ങളെ മുന്‍കൂട്ടി മനസിലാക്കിയ ചൈനയുടെ സഖ്യകക്ഷിയായ റഷ്യ, ഇതു തടയാന്‍ നേരത്തെ തന്നെ ഇടപാടുകള്‍ നടത്തിയിരുന്നു. ഇതുപ്രകാരം എണ്ണ ഉൽപ്പാദനം കുറച്ചുകൊണ്ട് എണ്ണവില ഉയർന്ന നിലയിൽ നിലനിർത്തുക എന്ന ധാരണയായിരുന്നു റഷ്യയും സൗദിയും തമ്മിലുണ്ടായിരുന്നത്.
മാത്രമല്ല യുക്രൈനില്‍ യുദ്ധം ചെയ്യുന്ന റഷ്യൻ സൈനികര്‍ക്കൊപ്പം ദീർഘദൂര മിസൈലുകൾ ഘടിപ്പിച്ച ഡ്രോണുകൾ ഉപയോഗിച്ച് സജ്ജമാക്കുന്നതില്‍ ഇറാനും പങ്കാളിയായി. ഇതേസമയം ശത്രുതകള്‍ മാത്രം പരിലാളിച്ച രണ്ട് രാജ്യങ്ങള്‍ക്കിടയില്‍ സമാധാനം സ്ഥാപിക്കുന്നതില്‍ മധ്യസ്ഥത വഹിച്ചുകൊണ്ട് റഷ്യയുടെ സഖ്യകക്ഷിയായ ചൈനയും തന്‍റെ റോള്‍ ഭംഗിയായി നിര്‍വഹിക്കുകയായിരുന്നു.
ഇന്ത്യയെ സംബന്ധിച്ച് എങ്ങനെ: അതേസമയം പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ക്ക് ഒട്ടും ദഹിക്കാനാവാത്ത ഇസ്രയേലുമായി ആഴത്തിലുള്ള ബന്ധമാണ് ഇന്ത്യക്കുള്ളത്. അതുകൊണ്ടുതന്നെ പശ്ചിമേഷ്യയിൽ നിന്ന് ഉയർന്നുവരുന്ന പുതിയ അച്ചുതണ്ടിനെ സസൂക്ഷമമാണ് ഇന്ത്യ വീക്ഷിക്കുന്നത്. എന്നാല്‍ ഇതില്‍ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പരിഭ്രാന്തിയുടെ ലക്ഷണങ്ങളൊട്ടും പ്രകടിപ്പിക്കുകയോ മുന്നറിയിപ്പ് ഉയർത്തുകയോ ചെയ്തിട്ടില്ല.
കാരണം സൗദി അറേബ്യയുമായും ഇറാനുമായും നല്ല ബന്ധം തന്നെയാണ് ഇന്ത്യക്കുള്ളത്. മാത്രമല്ല ഇക്കാലയളവിലത്രയും നിഷ്പക്ഷ നിലപാട് വിജയകരമായി ഉയർത്തിപ്പിടിക്കാനും ഇന്ത്യക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ ഇന്ത്യയുമായി സൗഹൃദം പുലര്‍ത്തുന്ന ഇത്തരം രാഷ്‌ട്രങ്ങള്‍ക്കിടയില്‍ ചൈനയുടെ ഇടനിലക്കാരനായുള്ള ഇടപെടല്‍ ഇന്ത്യക്ക് അത്രകണ്ട് സന്തുഷ്‌ടത പകരുന്നതല്ല.