ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ഡൽഹി മന്ത്രിയും ആംആദ്‌മി പാർട്ടി നേതാവുമായ സത്യേന്ദർ ജെയിനിന് തിഹാർ ജയിലിൽ ലഭിക്കുന്നത് ആഡംബര സൗകര്യങ്ങൾ. സെല്ലിനുള്ളിലിരുന്ന് മന്ത്രി പച്ചക്കറികളും പഴവർഗങ്ങളും കഴിക്കുന്നതിന്‍റെ വീഡിയോ പുറത്തുവന്നു. ജയിലിൽ ആവശ്യത്തിന് ഭക്ഷണം ലഭിക്കുന്നില്ലെന്നും 28 കിലോ കുറഞ്ഞുവെന്നും കാട്ടി പരാതി നൽകിയതിന് തൊട്ടുപിന്നാലെയാണ് മന്ത്രി വിഭവ സമൃദ്ധമായി ഭക്ഷണം കഴിക്കുന്നതിന്‍റെ വീഡിയോ പുറത്തുവന്നത്.
സത്യേന്ദർ ജെയിനിന് ജയിലിൽ വിഭവ സമൃദ്ധമായ ആഹാരം; പട്ടിണിയെന്ന പരാതിക്ക് പിന്നാലെ പുതിയ വീഡിയോ പുറത്ത് കൃത്യമായി ഭക്ഷണവും മെഡിക്കല്‍ ചെക്കപ്പും അടക്കം ലഭിക്കാത്തത് കാരണം മന്ത്രിയുടെ തൂക്കം 28 കിലോയോളം കുറഞ്ഞു എന്നാണ് സത്യേന്ദര്‍ ജെയിനിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാഹുല്‍ മെഹ്ര കഴിഞ്ഞ ദിവസം വിചാരണക്കോടതിക്ക് മുന്നില്‍ പരാതിപ്പെട്ടത്. ജൈന മതവിശ്വാസം പിന്‍പറ്റി ജീവിക്കുന്ന തനിക്ക് ആ വിശ്വാസവുമായി ചേര്‍ന്നുപോകുന്ന ഭക്ഷണം നല്‍കാന്‍ ജയില്‍ അധികൃതര്‍ തയ്യാറാവുന്നില്ലെന്നും അദ്ദേഹം ഡല്‍ഹി കോടതിയില്‍ പറഞ്ഞിരുന്നു.
എന്നാൽ ജയിലിലെത്തിയതിന് ശേഷം മന്ത്രിക്ക് എട്ട് കിലോയോളം ഭാരം വർധിച്ചതായി ജയിൽ അധികൃതർ അറിയിച്ചിട്ടുണ്ട്. സെല്ലിനുള്ളിൽ വച്ച് പോക്‌സോ കേസ് പ്രതി മന്ത്രിയുടെ കാൽ തടവിക്കൊടുക്കുന്ന വീഡിയോയും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. തിഹാര്‍ ജയിലിന്‍റെ ഏഴാം നമ്പര്‍ മുറിയില്‍ നിന്നുമാണ് വീഡിയോ പുറത്ത് വന്നത്. ഇതിന്‍റെ വിവാദങ്ങൾ ആളിക്കത്തുന്നതിനിടെയാണ് പുതിയ വീഡിയോ പുറത്തിറങ്ങിയിരിക്കുന്നത്.
ആയുധമാക്കി ബിജെപി: അതേസമയം വീഡിയോക്കെതിരെ ശക്‌തമായി പ്രതികരിച്ചുകൊണ്ടാണ് ബിജെപി രംഗത്തെത്തിയത്. 'മാധ്യമങ്ങളിൽ നിന്ന് ഒരു വീഡിയോ കൂടി ലഭിച്ചു. ബലാത്സംഗക്കേസിലെ പ്രതിയെക്കൊണ്ട് മസാജ് ചെയ്യിപ്പിച്ച് അയാളെ ഫിസിയോ തെറാപ്പിസ്റ്റ് എന്ന് വിളിച്ചതിന് ശേഷം, സത്യേന്ദർ ജെയിൻ വിഭവ സമൃദ്ധമായ ഭക്ഷണം ആസ്വദിക്കുന്നു. റിസോർട്ടിൽ അവധിക്കാലം ആഘോഷിക്കാൻ എത്തിയത് പോലെ പരിചാരകൻ അദ്ദേഹത്തിന് ഭക്ഷണം വിളമ്പുന്നു.
ഹവാലക്കാർക്ക് ശിക്ഷയല്ല വിവിഐപി സുഖ സൗകര്യങ്ങളാണ് ലഭിക്കുന്നതെന്ന് കെജ്‌രിവാൾ ജി ഉറപ്പുവരുത്തിയിട്ടുണ്ട്. കഴിഞ്ഞ അഞ്ച് മാസമായി ജയിലിൽ കിടക്കുന്ന ഒരാളെ മന്ത്രി സ്ഥാനത്ത് നിർത്തി ബലാത്സംഗക്കേസ് പ്രതിയിൽ നിന്ന് മസാജ് ചെയ്യിപ്പിച്ചും, ജയിലിന് പുറത്ത് നിന്ന് ഭക്ഷണം എത്തിച്ചും എന്തിനാണ് ഈ സൗകര്യം നൽകുന്നതെന്ന് അരവിന്ദ് കെജ്‌രിവാൾ ഉത്തരം പറയണം', ബിജെപി വക്താവ് ഷെഹ്‌സാദ് പൂനവല്ല വീഡിയോ പങ്കുവച്ചുകൊണ്ട് ട്വിറ്ററിൽ കുറിച്ചു.
ALSO READ:ഫിസിയോതെറാപ്പിസ്‌റ്റ് അല്ല, പോക്‌സോ കേസിലെ പ്രതിയാണ്; സത്യേന്ദര്‍ ജെയിന്‍റെ വീഡിയോയില്‍ പ്രതികരിച്ച് ജയില്‍ അധികൃതര്‍
വിവിഐപി പരിഗണന: നേരത്തെ സത്യേന്ദര്‍ ജെയിനിന് ജയിലില്‍ വിഐപി പരിഗണന നല്‍കിയെന്നാരോപിച്ച് ജയില്‍ സൂപ്രണ്ടിനെ സസ്‌പെന്‍ഡ് ചെയ്‌തിരുന്നു. സത്യേന്ദര്‍ ജെയിനിന് തല, കാൽ മസാജ് സൗകര്യങ്ങളോടെ വിവിഐപി പരിഗണനയാണ് നൽകുന്നതെന്ന് ഇഡി ആരോപിച്ചിരുന്നു. മന്ത്രിയുടെ ജയിലിലെ ആഡംബര ജീവിതത്തിന്‍റെ തെളിവുകളും നൽകിയിരുന്നു. ഇതേതുടര്‍ന്ന്, കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഡല്‍ഹിയുടെ ചീഫ് സെക്രട്ടറിയോട് വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു.