കേരളം

kerala

By

Published : Mar 14, 2023, 9:25 AM IST

ETV Bharat / bharat

സതീഷ് കൗശിക്കിന്‍റെ മരണം : മൊഴിയെടുക്കലിനെത്താതെ വികാസ് മാലുവിന്‍റെ ഭാര്യ, അന്വേഷണ ഉദ്യോഗസ്ഥന്‍ നിലപാട് മാറ്റട്ടെയെന്ന് മറുപടി

അന്വേഷണ ഉദ്യോഗസ്ഥന്‍റെ നിലപാട് മാറുന്നത് വരെ വികാസ് മാലുവിന്‍റെ ഭാര്യ പൊലീസിനോട് സഹകരിക്കില്ലെന്ന് യുവതിയുടെ അഭിഭാഷകൻ രാജേന്ദ്ര ഛബ്ര

സതീഷ് കൗശിക്  സമൻസ്  കൊലപാതകം  ഡൽഹി പൊലിസ്  Vikas Malus second wife
സതീഷ് കൗശിക്

ന്യൂഡൽഹി :മുതിർന്ന നടനും സംവിധായകനും ചലച്ചിത്ര നിർമ്മാതാവുമായ സതീഷ് കൗശിക്കിന്‍റെ മരണവുമായി ബന്ധപ്പെട്ടെടുത്ത കേസില്‍, ചോദ്യം ചെയ്യലിന് തിങ്കളാഴ്‌ച സമൻസ് സ്വീകരിക്കാതിരുന്ന, വ്യവസായി വികാസ് മാലുവിന്‍റെ രണ്ടാം ഭാര്യയ്ക്ക് പുതിയ നോട്ടിസ് അയക്കുമെന്ന് ഡൽഹി പൊലീസ്. തിങ്കളാഴ്‌ച രാവിലെ 11 മണിക്ക് ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും യുവതി ഹാജരായിരുന്നില്ല. കൗശിക് മരിച്ച രാത്രി മാലുവിന്‍റെ ഫാം ഹൗസിൽ ഉണ്ടായിരുന്ന മുപ്പതോളം അതിഥികളുടെയും ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും സംശയാസ്‌പദമായ ഒന്നും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും അന്വേഷണ സംഘം അറിയിച്ചു.

'11.03.2023-ന് സമര്‍പ്പിക്കപ്പെട്ട പരാതി അന്വേഷിക്കുന്നതിനാൽ വസ്‌തുതകളും സാഹചര്യങ്ങളും കണ്ടെത്തുന്നതിന് താങ്കളെ ചോദ്യം ചെയ്യണം. അതിനാൽ,13.03.23 ന് രാവിലെ 11 മണിക്ക് വീട്ടിലോ താങ്കള്‍ക്ക് സൗകര്യപ്രദമായ മറ്റേതെങ്കിലും സ്ഥലത്തോ അന്വേഷണവുമായി സഹകരിക്കണമെന്ന് അഭ്യർഥിക്കുന്നു' - ഡൽഹി പോലീസ് വ്യവസായി വികാസ് മാലുവിന്‍റെ ഭാര്യയ്ക്ക് അയച്ച നോട്ടിസിൽ പറയുന്നു.

'പോസ്റ്റുമോർട്ടം റിപ്പോർട്ട് പറയുന്നത് ഹൃദയസ്‌തംഭനത്തെ തുടർന്നാണ് കൗശിക് മരിച്ചത് എന്നാണ്. ഫോറൻസിക് സയൻസ് ലബോറട്ടറി റിപ്പോർട്ടുകൾക്കായി ഞങ്ങൾ കാത്തിരിക്കുകയാണ്, ഇത് കൂടി വന്നാലേ കാര്യങ്ങൾക്ക് കൂടുതൽ വ്യക്തത ലഭിക്കുകയുള്ളൂ. മരിച്ചയാളുടെ ബന്ധുക്കൾ പക്ഷേ ഇതുവരെ മരണത്തിൽ ദുരൂഹത ആരോപിച്ചിട്ടില്ല' - മാധ്യമങ്ങളെ പൊലീസ് അറിയിച്ചു.

രക്തവും മറ്റ് ചില സാമ്പിളുകളും ഡൽഹിയിലെ രോഹിണിയിലുള്ള ഫോറൻസിക് ലബോറട്ടറിയിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. സാമ്പിളുകൾ ലഭിച്ചിട്ടുണ്ടെന്നും വിശകലന റിപ്പോർട്ടുകൾ ഉടൻ കൈമാറുമെന്നും ഫോറൻസിക് സയൻസ് ലബോറട്ടറി അധികൃതർ അറിയിച്ചിട്ടുണ്ട്. 'രക്തപരിശോധനയിൽ സതീഷ് കൗശിക്കിന്‍റെ ശരീരത്തില്‍ ലഹരിയുണ്ടായിരുന്നോയെന്ന് പരിശോധിച്ചിട്ടുണ്ട്. കേസിന്‍റെ ഗൗരവം പരിഗണിച്ച് കൂടുതൽ വിവരങ്ങൾ നൽകാൻ സാധിക്കില്ല. റിപ്പോർട്ടുകൾ ഉടൻ ഡല്‍ഹി പൊലീസിന് കൈമാറും' - ഫോറൻസിക് സയൻസ് ലബോറട്ടറി ഉദ്യോഗസ്‌ഥൻ പറഞ്ഞു.

എന്നാൽ സംഭവത്തിൽ തനിക്ക് സംശയാസ്‌പദമായ പങ്ക് ഉണ്ടെന്ന് ആരോപിച്ച ഉദ്യോഗസ്ഥനെ മാറ്റുന്നതുവരെ അന്വേഷണത്തോട് സഹകരിക്കില്ലെന്ന് മാലുവിന്‍റെ രണ്ടാം ഭാര്യ തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു. ഉദ്യോഗസ്ഥന്‍റെ നിലപാട് മാറുന്നത് വരെ അന്വേഷണത്തിൽ വികാസ് മാലുവിന്‍റെ ഭാര്യ സഹകരിക്കില്ലെന്ന് യുവതിയുടെ അഭിഭാഷകൻ രാജേന്ദ്ര ഛബ്ര എ എൻ ഐയോട് പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് കമ്മിഷണർക്ക് ഇമെയിൽ അയച്ചിട്ടുണ്ടെന്നും കേസ് അട്ടിമറിക്കാനുള്ള ഇൻസ്‌പെക്‌ടറുടെ സംശയാസ്‌പദമായ പങ്കിനെക്കുറിച്ച് കമ്മിഷണറെ അറിയിച്ചിട്ടുണ്ടെന്നും അഭിഭാഷകൻ പറഞ്ഞു.'ഒരു സ്ത്രീ വികാസ് മാലുവിനെതിരെ നേരത്തെ ബലാത്സംഗ ആരോപണം ഉന്നയിച്ചിരുന്നു. എന്‍റെ കക്ഷിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ച ഇൻസ്‌പെക്‌ടർ തന്നെയാണ് ആ കേസ് അന്വേഷിക്കുന്നത്. എന്നാല്‍ തെളിവുകളിൽ തിരിമറി നടത്തിയെന്നാരോപിച്ച് അദ്ദേഹത്തെ അന്വേഷണത്തിൽ നിന്ന് മാറ്റിയിരുന്നു. പക്ഷേ ഇപ്പോൾ, എന്‍റെ കക്ഷിയുടെ പരാതി അന്വേഷിക്കാനും, അതേ ഇൻസ്‌പെക്‌ടറെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇത് തികച്ചും അനീതിയാണ്' - ഛബ്ര പറഞ്ഞു.

സുഹൃത്ത് വികാസ് മാലുവിന്‍റെ ഉടമസ്ഥതയിലുള്ള ഫാം ഹൗസിൽ ഹോളി ആഘോഷങ്ങൾക്കിടെ 67 കാരനായ സതീഷ് കൗശിക് വ്യാഴാഴ്‌ച ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു. കൗശിക് സുഹൃത്തുക്കളോടൊപ്പം ഹോളി ആഘോഷിച്ച ശേഷം രാത്രി 9.30 ഓടെ ഉറങ്ങാൻ കിടന്നു. തുടര്‍ന്ന് 12 മണിയോടെ ആരോഗ്യനില വഷളായി. അതോടെ മാനേജരെ വിളിച്ച് അദ്ദേഹം ശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് അറിയിച്ചു. മാനേജർ ഗുരുഗ്രാമിലെ ഫോർട്ടിസ് ഹോസ്‌പിറ്റലിലേക്ക് സതീഷിനെ എത്തിച്ച് സിപിആർ അടക്കമുള്ളവ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നുമാണ് പൊലീസ് അറിയിച്ചത്.

ABOUT THE AUTHOR

...view details