ന്യൂഡൽഹി:ജനസംഖ്യ നിയന്ത്രണ ബില്ലിൽ ഉത്തർപ്രദേശ്, അസം സർക്കാരുകളെ വിമർശിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ. ജനസംഖ്യ നിയന്ത്രണം വഴി ബിജെപി രാഷ്‌ട്രീയവും വർഗീയവുമായ നീക്കമാണ് നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഒരു പ്രത്യേക മതവിഭാഗത്തെയാണ് ജനസംഖ്യ നിയന്ത്രണ ബില്ലിലൂടെ ബിജെപി ലക്ഷ്യം വയ്ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ ഇന്ത്യ നേരിടുന്ന പ്രധാന പ്രശ്‌നം ജനസംഖ്യ വർധനവല്ലെന്നും അത് വൃദ്ധരുടെ എണ്ണത്തിലെ വർധനവാണെന്നും തരൂർ കൂട്ടിച്ചേർത്തു.
യുപിയും, അസമും, ലക്ഷദ്വീപും എന്തുകൊണ്ടാണ് ജനസംഖ്യ നിയന്ത്രണത്തിൽ തിടുക്കം കൂട്ടുന്നത് എന്നതും വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. അസമിൽ ചില കുടിയേറ്റ ബംഗാളി മുസ്ലീങ്ങളെക്കുറിച്ച് അവർ ആശങ്കാകുലരാണെന്നും ഉത്തർപ്രദേശിൽ ആദിത്യനാഥും കൂട്ടാളികളും എന്താണ് ചെയ്യുന്നതെന്ന് നമുക്കറിയാമെന്നും ലക്ഷദ്വീപിൽ 96 ശതമാനവും മുസ്ലീങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.