പാലക്കാട്: എഐസിസി പ്രസിഡന്‍റ് സ്ഥാനത്തേയ്‌ക്ക് മത്സരിക്കാന്‍ തനിക്ക് രാജ്യമെമ്പാടുമുള്ള പാര്‍ട്ടി പ്രവര്‍ത്തകരുടെ പിന്തുണ ലഭിക്കുന്നുണ്ടെന്ന് ശശി തരൂര്‍ എംപി. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്‍റെ സ്ഥാനാര്‍ഥിത്വത്തെ ചൊല്ലി അനിശ്ചിതത്വം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ശശി തരൂരിന്‍റെ പ്രഖ്യാപനം. ഭാരത് ജോഡോ യാത്ര പാലക്കാട് ജില്ലയിലെ പട്ടാമ്പിയില്‍ എത്തിച്ചേര്‍ന്നപ്പോള്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്‌ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഞാന്‍ നാമനിര്‍ദേശ പത്രികയുടെ ഫോറം വാങ്ങിയത് മുതല്‍ എനിക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്. ഭൂരിഭാഗം സംസ്ഥാനങ്ങളില്‍ നിന്നും പിന്തുണ ലഭിക്കുമോ എന്ന വലിയ ആശയക്കുഴപ്പം എനിക്കുണ്ടായിരുന്നു. രാജ്യത്തിന്‍റെ പല കോണുകളില്‍ നിന്നും ആളുകള്‍ എന്നോട് മത്സരിക്കാന്‍ അഭ്യര്‍ഥിച്ചുവെന്ന്' ശശി തരൂര്‍ പറഞ്ഞു.
പാര്‍ട്ടിക്ക് ഔദ്യോഗിക സ്ഥാനാര്‍ഥിയില്ലെന്ന് സോണിയ: 'തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അതിയായ ആഗ്രഹമുണ്ട്. എന്നാല്‍ സെപ്‌റ്റംബര്‍ 30ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിവസം മാത്രമെ തെരഞ്ഞെടുപ്പിന്‍റെ പൂര്‍ണ ചിത്രം ലഭിക്കുകയുള്ളുവെന്ന് ശശി തരൂര്‍ പറഞ്ഞു.
'സോണിയ ഗാന്ധി, രാഹുല്‍, പ്രിയങ്ക എന്നിവരെ നേരിട്ട് കണ്ട് തെരഞ്ഞെടുപ്പിനെ കുറിച്ച് ചര്‍ച്ച നടത്തി. ഞാന്‍ മത്സരിക്കുന്നതില്‍ യാതൊരു പ്രശ്‌നവുമില്ല എന്ന് എന്നോട് അവര്‍ നേരിട്ട് പറഞ്ഞു'- ശശി തരൂര്‍ അറിയിച്ചു.
കഴിഞ്ഞ തിങ്കളാഴ്‌ചയാണ് (19.09.2022) ശശി തരൂര്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്‌ച നടത്തിയത്. തെരഞ്ഞെടുപ്പില്‍ താന്‍ നിഷ്‌പക്ഷത പുലര്‍ത്തുമെന്ന് സോണിയ ഗാന്ധി അറിയിച്ചിരുന്നു. പാര്‍ട്ടിക്ക് ഒരു ഔദ്യോഗിക സ്ഥാനാര്‍ഥി ഉണ്ടായിരിക്കില്ല എന്നറിയിച്ച സോണിയ കൂടുതല്‍ സ്ഥാനാര്‍ഥികള്‍ മത്സര രംഗത്തേക്ക് കടന്നുവരുന്നതിനെ സ്വാഗതം ചെയ്‌തു.
തെരഞ്ഞെടുപ്പ് ക്രമം ഇങ്ങനെ: സെപ്‌റ്റംബർ 24 മുതൽ 30 വരെയാണ് നാമനിർദേശ പത്രിക സമര്‍പ്പിക്കേണ്ടത്. നാമനിർദേശ പത്രികകളുടെ പരിശോധന ഒക്‌ടോബർ ഒന്നിന് നടക്കും. നാമനിർദേശ പത്രിക പിൻവലിക്കേണ്ടത് ഒക്‌ടോബർ എട്ടിനാണ്.
സ്ഥാനാർത്ഥികളുടെ അന്തിമ പട്ടിക ഓഗസ്റ്റ് എട്ടിന് വൈകുന്നേരം അഞ്ച് മണിക്ക് പ്രസിദ്ധീകരിക്കും. ആവശ്യമെങ്കിൽ പോളിങ് ഒക്‌ടോബർ 17ന് നടക്കും. വോട്ടെണ്ണലും ഫലപ്രഖ്യാപനവും ഒക്‌ടോബർ 19നാണ് നടക്കുന്നത്.
9,000 പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രതിനിധികൾ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തും. രാഹുൽ ഗാന്ധി അധികാരമേറ്റ 2017നും 2019നും ഇടയിലുള്ള രണ്ട് വർഷം മാറ്റിനിര്‍ത്തിയാല്‍ 1998 മുതല്‍ ഏറ്റവുമധികം കാലം അധ്യക്ഷയായിരുന്ന സോണിയ ഗാന്ധിക്ക് പകരക്കാരനായി മറ്റൊരാള്‍ സ്ഥാനത്തേക്ക് കടന്നുവരുന്നത് കോണ്‍ഗ്രസിനെ സംബന്ധിച്ച് ചരിത്ര നിമിഷമാണ്. നവംബര്‍ 2000ത്തിലാണ് അധ്യക്ഷ സ്ഥാനത്തേക്ക് കോൺഗ്രസ് പാര്‍ട്ടി അവസാനമായി തെരഞ്ഞെടുപ്പ് നടത്തിയത്.
2000ത്തില്‍ സോണിയ ഗാന്ധിയോട് പരാജയപ്പെട്ടത് ജിതേന്ദ്ര പ്രസാദായിരുന്നു. അതിനുമുമ്പായി സീതാറാം കേസരി 1997ൽ ശരദ് പവാറിനെയും രാജേഷ് പൈലറ്റിനെയും പരാജയപ്പെടുത്തിയിരുന്നു.