മുംബൈ: ബോളിവുഡ് താരം സാറ അലി ഖാന്‍റേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് 'സാറാ ഹട്ട്‌കെ സാറാ ബച്ച്‌കെ'. സിനിമയുടെ വിജയം തന്‍റെ കുടുംബത്തിനൊപ്പം ആഘോഷിക്കുകയാണ് സാറ. അമ്മ അമൃത സിംഗിനും സഹോദരന്‍ ഇബ്രാഹീമിനും ഒപ്പം തിയേറ്ററില്‍ 'സാറാ ഹട്ട്‌കെ സാറാ ബച്ച്‌കെ' കാണാന്‍ സാറ ഒരു ദിവസം മാറ്റിവച്ചു.
തിയേറ്ററിലിരുന്ന് തന്‍റെ കുടുംബത്തിനൊപ്പം സിനിമ ആസ്വദിക്കുന്ന ചിത്രങ്ങള്‍ സാറ തന്‍റെ ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയില്‍ പങ്കുവച്ചിരിക്കുകയാണ്. അമ്മയും സഹോദരനും ഇബ്രാഹിമും ആരാധകരും ഉൾപ്പെടുന്ന ചിത്രങ്ങളുടെ ഒരു കൊളാഷ് ചിത്രമാണ് സാറ ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചത്. 'ഞായറാഴ്‌ച കുടുംബത്തിനൊപ്പം സിനിമ കാണാന്‍ ചെലവഴിച്ചു.' -എന്ന അടിക്കുറിപ്പോടു കൂടിയാണ് സാറ ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറി പങ്കുവച്ചത്.
അമ്മ അമൃത സിംഗിനും സഹോദരന്‍ ഇബ്രാഹീമിനും ഒപ്പം തിയേറ്ററില്‍ ലക്ഷ്‌മൺ ഉടേക്കർ സംവിധാനം ചെയ്‌ത ചിത്രം, ഇൻഡോർ പശ്ചാത്തലമാക്കിയുള്ള ഒരു മധ്യവർഗ ദമ്പതികളെ ചുറ്റിപ്പറ്റിയുള്ളതാണ്. കോമഡിയോടു കൂടിയുള്ളതാണ് സിനിമയുടെ തുടക്കം. കപില്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ വിക്കി കൗശല്‍ അവതരിപ്പിക്കുന്നത്. സൗമ്യ എന്ന കഥാപാത്രത്തെ സാറയും അവതരിപ്പിക്കുന്നു. കപിൽ ഒരു യോഗ പരിശീലകനും സൗമ്യ ട്യൂട്ടറുമാണ്. രണ്ട് വർഷമായുള്ള അവരുടെ ദാമ്പത്യ ജീവിതം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ടു പോകുന്നു.
മമ്മിജി, ഡാഡിജി, മാമാജി, മാമിജി, പിന്നെ സ്വന്തം നന്മ ആഗ്രഹിക്കുന്ന ബുദ്ധിമാനായ ഒരു അനന്തരവൻ എന്നിവര്‍ക്കൊപ്പമാണ് കപിലിന്‍റെയും സൗമ്യയുടെയും ജീവിതം. കൂട്ടുകുടുംബത്തിനൊപ്പമുള്ള ജീവിതം മടുത്ത ദമ്പതികള്‍, ഏകാന്തത ആസ്വദിക്കാനുളള ഒരു പോംവഴി കണ്ടെത്തുന്നു. അതിനായി വ്യാജ വിവാഹ മോചനം എന്ന ആശയം മുന്നോട്ടു വയ്‌ക്കുകയാണ് ദമ്പതികള്‍.
അമ്മയ്‌ക്കും സഹോദരനും ഒപ്പമുള്ള ചിത്രം പങ്കുവച്ച് സാറ 'സാറാ ഹട്ട്‌കെ സാറാ ബച്ച്‌കെ'യുടെ ആദ്യ രണ്ട് ദിനങ്ങളിലെ ആകെ കലക്ഷന്‍ 12.69 കോടി രൂപയായിരുന്നു. ട്രേഡ് അനലിസ്‌റ്റ് തരണ്‍ ആദര്‍ശാണ് കലക്ഷന്‍ റിപ്പോര്‍ട്ട് ട്വിറ്ററില്‍ പങ്കുവച്ചത്. 'സാറാ ഹട്ട്‌കെ സാറാ ബച്ച്കെ പ്രദർശകർക്ക് ആശ്വാസം നൽകുന്നു. ഹൗസ് ഫുൾ ബോർഡുകൾ വീണ്ടുമെത്തി... രണ്ടാം ദിവസം ആരോഗ്യകരമായ പുരോഗതിക്ക് സാക്ഷ്യം വഹിക്കുന്നു. വെള്ളിയാഴ്‌ച-5.49 കോടി, ശനിയാഴ്‌ച-7.20 കോടി, ആകെ 12.69 കോടി. ആദ്യ രണ്ട് ദിനങ്ങളില്‍ ദേശീയ ശൃംഖലകളിലെ കലക്ഷന്‍.' -ഇപ്രകാരമായിരുന്നു തരണ്‍ ആദര്‍ശിന്‍റെ ട്വീറ്റ്.
'സാറാ ഹട്ട്‌കെ സാറാ ബച്ച്‌കെ'യില്‍ അഭിനയിക്കാന്‍ കഴിഞ്ഞതിന്‍റെ വിശേഷങ്ങള്‍ വിക്കി കൗശല്‍ നേരത്തെ പങ്കുവച്ചിരുന്നു. 'ലക്ഷ്‌മൺ സാറിനും മഡ്ഡോക്കിനും ഒപ്പം പ്രവർത്തിക്കാന്‍ കഴിഞ്ഞത് സന്തോഷകരമായ അനുഭവം ആയിരുന്നു. 'സാറാ ഹട്ട്‌കെ സാറാ ബച്ച്‌കെ'യുടെ ചിത്രീകരണം വളരെ മികച്ചതായിരുന്നു. പ്രത്യേകിച്ച് സാറയ്‌ക്കൊപ്പം. ചിത്രം പ്രേക്ഷകര്‍ ആസ്വദിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.' -ഇപ്രകാരമായിരുന്നു സിനിമയെ കുറിച്ച് വിക്കി കൗശല്‍ പറഞ്ഞത്.
'ഇത്രയും കഴിവുള്ള ഒരു ടീമിനൊപ്പം പ്രവർത്തിക്കാൻ അവസരം ലഭിച്ചതില്‍ ഞാൻ നന്ദി ഉള്ളവളാണ്. ബന്ധങ്ങൾ, വിവാഹങ്ങൾ എന്നിവയിൽ സിനിമയ്‌ക്ക് സവിശേഷമായ ഒരു വശമുണ്ട്. പ്രേക്ഷകർ അതിന് സാക്ഷ്യം വഹിക്കുന്നതിന്‍റെ ആവേശത്തിലാണ് ഞാന്‍.' -സാറ അലി ഖാന്‍ പറഞ്ഞു. രാകേഷ് ബേഡി, ഇനാമുൽഹഖ് എന്നിവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു.
Also Read:'അതിന്‍ ഞാന്‍ പിശുക്കനാണ്'; കഥ കേട്ടപ്പോൾ തന്നെ കണക്‌ട് ചെയ്യാനായെന്ന് വിക്കി; സാറാ ഹട്ട്‌കെ സാറാ ബച്ച്കെ രണ്ടാം ദിന കലക്ഷന്‍ പുറത്ത്