മുംബൈ : മോദി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ശിവസേന എംപി സഞ്ജയ് റാവത്ത്. ശിവസേനയുടെ മുഖപത്രമായ സാമ്‌നയിലെഴുതിയ ലേഖനത്തിലാണ് സഞ്ജയ് റാവത്ത് കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ചത്.
എണ്ണയില്‍ നിന്നുള്ള നികുതി, കൊവിഡ് വാക്‌സിനുകൾ സൗജന്യമായി നൽകുന്നതിന് ഉപയോഗിക്കുകയാണെന്ന് കേന്ദ്ര പെട്രോളിയം പ്രകൃതിവാതക സഹമന്ത്രി രാമേശ്വർ തേലി അറിയിച്ചിരുന്നു. ഇതിനർഥം സൗജന്യ വാക്‌സിനേഷന്‍റെ ചെലവുകൾ ജനങ്ങൾ തന്നെ വഹിക്കേണ്ടി വരുന്നുവെന്നാണ്. ആരുടെ പണം കൊണ്ടാണ് സൗജന്യ വാക്‌സിനേഷനെന്ന് പ്രചരിപ്പിക്കുന്നതെന്ന് സഞ്ജയ് റാവത്ത് ചോദിക്കുന്നു.
എക്കാലത്തെയും ഉയർന്ന നിലയിലുള്ള പണപ്പെരുപ്പം ജനങ്ങളുടെ ആഘോഷങ്ങളെ കെടുത്തുകയാണെന്നും അധികാരികളുടെ പ്രകോപനപരമായ പ്രസ്‌താവനകൾ അതിന് ആക്കം കൂട്ടുകയാണെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.
Also Read: കർഷകരുടെ കൂടാരങ്ങൾ തകര്‍ത്താല്‍ സർക്കാർ ഓഫിസുകളെ കാര്‍ഷിക ചന്തകളാക്കും: രാകേഷ് ടികായത്
അതിജീവനത്തിനായി കഷ്‌ടപ്പെടുന്ന ജനങ്ങളുടെ മുറിവിൽ ഉപ്പ് പുരട്ടുന്നതാണ് കേന്ദ്ര സർക്കാരിന്‍റെ നയങ്ങള്‍. പ്രധാനമന്ത്രിക്കായി 18,000 കോടി രൂപയുടെ സ്വകാര്യ വിമാനം വാങ്ങുകയാണ്. മറുവശത്ത് സാധാരണക്കാർ വിലവർധനവ് താങ്ങാനാവാതെ ഗ്യാസ് സിലിണ്ടറുകൾ ഉപേക്ഷിക്കുകയാണെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.
20 ലക്ഷം കോടി രൂപ ചെലവഴിച്ചാണ് ഡൽഹിയിൽ സെൻട്രൽ വിസ്‌ത പദ്ധതി കൊണ്ടുവരുന്നത്. ഇതിന്‍റെ ഫലമായി ഡൽഹി മുഴുവൻ കുഴികളും പൊടികളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ന്യൂഡൽഹി ഒരു ഉത്‌ഖനന കേന്ദ്രമായി മാറിക്കഴിഞ്ഞിരിക്കുന്നു.
പുതിയ പാർലമെന്‍റും ഓഫിസുകളും പ്രധാനമന്ത്രിയുടെ വസതിയുമെല്ലാം ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്ന വിലക്കയറ്റത്തിന്‍റെ ഭാരം എത്രത്തോളമായിരിക്കുമെന്നും റാവത്ത് ചോദിച്ചു.