മുംബൈ :ശിവസേനയുടെ പേരും ചിഹ്നവും സ്വന്തമാക്കാന്‍ 2,000 കോടിയുടെ ഇടപാട് നടന്നതായി ഉദ്ധവ് താക്കറെ പക്ഷത്തുള്ള പ്രമുഖ നേതാവ് സഞ്ജയ് റാവത്ത് എംപി. ഏക്‌നാഥ് ഷിന്‍ഡെ പക്ഷത്തിന് ശിവസേന എന്ന പേരും അമ്പും വില്ലും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മിഷന്‍ അനുവദിച്ചതിലാണ് സഞ്ജയ് റാവത്തിന്‍റെ ഗുരുതര ആരോപണം. ഇത് പ്രാഥമിക കണക്കാണെന്നും തന്‍റെ ആരോപണത്തില്‍ 100 ശതമാനം വസ്‌തുതയുണ്ടെന്നും സഞ്‌ജയ് റാവത്ത് ട്വീറ്റിലൂടെ വ്യക്തമാക്കി.
'ഞാൻ വിശ്വസിക്കുന്നു, തെരഞ്ഞെടുപ്പ് ചിഹ്നവും പേരും ലഭിക്കാൻ ഇതുവരെ 2,000 കോടിയുടെ ഇടപാടുകള്‍ നടന്നിട്ടുണ്ട്. ഇത് പ്രാഥമിക കണക്കും 100 ശതമാനം സത്യവുമാണ്. താമസിയാതെ പല കാര്യങ്ങളും പുറത്തുവരും. രാജ്യത്തിന്‍റെ ചരിത്രത്തിൽ ഒരിക്കലും ഇങ്ങനെയൊരു സംഭവമുണ്ടായിട്ടില്ല'. - സഞ്‌ജയ് റാവത്ത്, ആരോപണ ശരമെയ്‌ത ട്വീറ്റ് ഇങ്ങനെയായിരുന്നു. ഈ ട്വീറ്റിന് പിന്നാലെ തന്‍റെ ആരോപണം ശരിവച്ച് മറ്റൊരു ട്വീറ്റും മൂന്ന് മണിക്കൂറിന് ശേഷം സഞ്‌ജയ് റാവത്ത് തൊടുത്തുവിട്ടു.
'ഇക്കാര്യം പറഞ്ഞത് ഒരു ബില്‍ഡര്‍':'അർധ ജുഡീഷ്യൽ അധികാരമുള്ള ഒരു ഭരണഘടനാസ്ഥാപനം പക്ഷപാതമില്ലാതെയിരിക്കുക മാത്രമല്ല, സ്വാധീനത്തിൽ നിന്ന് അകന്നുനിൽക്കുകയും വേണം. നിർഭാഗ്യവശാൽ ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ പുതിയ ഉത്തരവില്‍ ഇക്കാര്യത്തില്‍ വേണ്ട ആത്മവിശ്വാസം നൽകുന്നില്ല'. - രണ്ടാമത്തെ ട്വീറ്റില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. മഹാരാഷ്‌ട്ര സര്‍ക്കാരുമായി അടുത്ത ബന്ധമുള്ള ഒരു ബിൽഡർ തന്നോട് ഇക്കാര്യം വെളിപ്പെടുത്തിയതായും മാധ്യമപ്രവർത്തകരോട് റാവത്ത് പറഞ്ഞു. തന്‍റെ ആരോപണങ്ങളില്‍ തെളിവിന്‍റെ പിൻബലമുണ്ട്. അത് ഉടൻ വെളിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.