കേരളം

kerala

'മാഫിയ ക്വീനായി ചിത്രീകരിക്കുന്നു' ; ഗംഗുഭായി കത്തിയാവാഡിയെ വിടാതെ പിന്തുടർന്ന് വിവാദങ്ങള്‍

By

Published : Feb 23, 2022, 9:04 PM IST

ഹുസൈന്‍ സെയ്‌ദി രചിച്ച 'മാഫിയ ക്വീന്‍സ് ഓഫ് മുംബൈ; സ്റ്റോറീസ് ഓഫ് വിമണ്‍ ഫ്രം ദ ഗ്യാങ്‌ലാന്‍ഡ്‌സ്' എന്ന പുസ്‌തകത്തെ ഇതിവൃത്തമാക്കിയാണ് ചിത്രം

gangubai kathiawadi controversy  sanjay leela bhansali new movie  alia bhatt upcoming film  gangubai Kathiawadi family allegation  ഗംഗുഭായി കത്തിയാവാഡി വിവാദം  ഗംഗുഭായി കത്തിയാവാഡി കുടുംബം ആരോപണം  ആലിയ ഭട്ട് പുതിയ ചിത്രം  സഞ്ജയ്‌ ലീല ബന്‍സാലി പുതിയ ചിത്രം  ഗംഗുഭായി കത്തിയാവാഡി കാമാത്തിപുര  മാഫിയ ക്വീന്‍സ് ഓഫ് മുംബൈ
മാഫിയ ക്വീനായി ചിത്രീകരിക്കുന്നുവെന്ന ആരോപണവുമായി കുടുംബം; ഗംഗുഭായി കത്തിയാവാഡിയെ വിടാതെ പിന്തുടർന്ന് വിവാദങ്ങള്‍

മുംബൈ: പ്രഖ്യാപനം മുതല്‍ വിവാദങ്ങള്‍ പിന്‍തുടരുന്ന ചിത്രമാണ് ബോളിവുഡ് താരം ആലിയ ഭട്ട് പ്രധാന വേഷത്തിലെത്തുന്ന സഞ്ജയ്‌ ലീല ബന്‍സാലിയുടെ ഗംഗുഭായി കത്തിയാവാഡി.

1950കളിലും 60കളിലും കാമാത്തിപുരയിലെ ലൈംഗികത്തൊഴിലാളികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചിരുന്ന ഗംഗുഭായി എന്ന വനിതയുടെ ജീവിതം പശ്ചാത്തലമാക്കി എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ഹുസൈന്‍ സെയ്‌ദി രചിച്ച് 2011ല്‍ പുറത്തിറങ്ങിയ 'മാഫിയ ക്വീന്‍സ് ഓഫ് മുംബൈ, സ്റ്റോറീസ് ഓഫ് വിമണ്‍ ഫ്രം ദ ഗ്യാങ്‌ലാന്‍ഡ്‌സ്' എന്ന പുസ്‌തകത്തെ ഇതിവൃത്തമാക്കിയാണ് ചിത്രം.

ചിത്രത്തെ വിടാതെ പിന്തുടർന്ന് വിവാദങ്ങള്‍

ഗുജറാത്തിലെ കത്തിയാവാഡ് സ്വദേശിയായ ഗംഗ ഹര്‍ജീവന്‍ദാസ് എന്ന പെണ്‍കുട്ടി മുംബൈയിലെ കാമാത്തിപുരയില്‍ എത്തിപ്പെടുന്നതും പിന്നീട് അവര്‍ കാമാത്തിപുരയിലെ നേതാവാകുന്നതും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമാണ് ചിത്രത്തിന്‍റെ പ്രമേയം.

2019ല്‍ പ്രഖ്യാപിച്ചതുമുതല്‍ ചിത്രത്തെ ചുറ്റിപ്പറ്റി വിവാദങ്ങളുണ്ട്. ഗംഗുഭായിയേയും കാമാത്തിപുരയെയും തെറ്റായ രീതിയിലാണ് ചിത്രീകരിക്കുന്നതെന്ന ആരോപണം പലവട്ടം ഉയര്‍ന്നു. ചിത്രത്തിനും അണിയറ പ്രവർത്തകര്‍ക്കുമെതിരെ ഗംഗുഭായിയുടെ കുടുംബം രംഗത്തെത്തി.

ചിത്രത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍

ലൈംഗികത്തൊഴിലാളിയായും മാഫിയ ക്വീനായും ഗംഗുഭായിയെ ചിത്രീകരിച്ചെന്ന് ആരോപിച്ച് കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഗംഗുഭായിയുടെ ദത്ത് പുത്രന്‍ ബാബുജി റാവ്‌ജി ഷാ, സഞ്ജയ്‌ ലീല ബന്‍സാലി, ആലിയ ഭട്ട്, തിരക്കഥാകൃത്ത് ഹുസൈന്‍ സെയ്‌ദി എന്നിവര്‍ക്കും നിര്‍മാണക്കമ്പനിക്കും എതിരെ പരാതി നല്‍കി.

എന്നാല്‍ ചിത്രത്തിന്‍റെ നിർമാണവും സംപ്രേഷണവും നിരോധിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി മുംബൈ സിവില്‍ കോടതി തള്ളുകയാണുണ്ടായത്. ചിത്രത്തിന്‍റെ റീലീസ് തടയണമെന്നാവശ്യപ്പെടുന്ന ഹര്‍ജി നിലവില്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

ഗംഗുബായിയുടെ മകൾ ബബിത ഗൗഡ, ചെറുമകൻ വികാസ് ഗൗഡ എന്നിവരാണ് ഏറ്റവും ഒടുവിലായി ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. ആകര്‍ഷകമായ വ്യക്തിത്വത്തിനുടമയായിരുന്ന ഗംഗുഭായിയെ ഒരു ലൈംഗികത്തൊഴിലാളിയായി മാത്രം ചിത്രീകരിക്കുന്നുവെന്നാണ് കുടുംബത്തിന്‍റെ ആരോപണം.

തങ്ങളുടെയും വരും തലമുറയുടേയും അന്തസിന് കളങ്കമുണ്ടാക്കുന്ന തരത്തിലാണ് ചിത്രമെടുത്തിരിക്കുന്നതെന്നും കുടുംബം ആരോപിക്കുന്നു. യഥാര്‍ഥ വസ്‌തുതകളെ ഒഴിവാക്കുകയോ അല്ലെങ്കില്‍ മാറ്റിയോ ആണ് ചിത്രത്തില്‍ ഗംഗുഭായിയെ അവതരിപ്പിച്ചിരിക്കുന്നതെന്ന് ഗംഗുഭായിയുടെ ചെറുമകന്‍ വികാസ് ഗൗഡ പറയുന്നു.

ഗംഗുഭായി ഒരിക്കലും മോശം ഭാഷ ഉപയോഗിച്ചിട്ടില്ല. പാന്‍ പോലുള്ള ലഹരി വസ്‌തുക്കള്‍ കഴിക്കാറുണ്ടായിരുന്നില്ല. അവര്‍ക്ക് എംപാല കാര്‍ സ്വന്തമായി ഉണ്ടായിരുന്നില്ല. ആളുകളെ ഉപദ്രവിക്കുകയോ കൊലപ്പെടുത്തുകയോ ചെയ്യുന്ന സ്‌ത്രീ ആയിരുന്നില്ല - ചെറുമകന്‍ പറയുന്നു. ഗംഗുഭായി ലളിതമായ ജീവിതമാണ് നയിച്ചിരുന്നതെന്ന് മകള്‍ ബബിത ഗൗഡ പറഞ്ഞു. ലളിതമായ രീതിയില്‍ വെള്ള സാരിയാണ് ധരിച്ചിരുന്നതെങ്കിലും ഗംഗുഭായിക്ക് ആഭരണങ്ങളോട് താല്‍പര്യമുണ്ടായിരുന്നു.

നെഹ്‌റുവുമായുള്ള ബന്ധം

കരിം ലാലയുമായുള്ള ബന്ധമാണ് ഒരു പരിധി വരെ ചിത്രത്തില്‍ കൃത്യമായി അവതരിപ്പിച്ചിരിക്കുന്നതെന്നാണ് കുടുംബത്തിന്‍റെ വാദം. സഹോദരനെ പോലയാണ് ഗംഗുഭായി കരിം ലാലയെ കണ്ടിരുന്നത്. അവര്‍ക്ക് പീഡനം നേരിടേണ്ടി വന്നപ്പോഴല്ല അവര്‍ കരിം ലാലയെ കാണാന്‍ പോകുന്നത്.

മറിച്ച് മറ്റ് ലൈംഗികത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ വേണ്ടിയായിരുന്നു. അനാഥരായവർക്ക് വിദ്യാഭ്യാസം നല്‍കുന്നതിനായും മികച്ച ജീവിതം നല്‍കുന്നതിനായും ഗംഗുഭായി പ്രവര്‍ത്തിച്ചു. എന്നാല്‍ ഇതൊന്നും ചിത്രത്തില്‍ കാണിച്ചിട്ടില്ലെന്നും പണവും പ്രശസ്‌തിയും ലക്ഷ്യമിട്ടുമാത്രമാണ് അണിയറ പ്രവര്‍ത്തകര്‍ ചിത്രമൊരുക്കിയതെന്നും കുടുംബം ആരോപിക്കുന്നു.

2011 വരെ ഗംഗു മാ എന്ന് അറിയപ്പെട്ടിരുന്ന ഗംഗുഭായി, ഹുസൈൻ സെയ്‌ദിയുടെ പുസ്‌തകം പുറത്തിറങ്ങിയതിന് ശേഷം ഗംഗുബായ് കോഥേവാലി എന്നറിയപ്പെട്ടു. ചിത്രമിറങ്ങുന്നതോടെ അവരുടെ പേര് മാഫിയ ക്വീൻ എന്ന നിലയിലേക്ക് മാറുകയാണ്.

ഗംഗുഭായിയെ ഭർത്താവ് 500 രൂപയ്ക്ക് വിറ്റതാണെന്നതും മുന്‍ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവുമായുള്ള അവരുടെ ബന്ധത്തെക്കുറിച്ച് സമൂഹ മാധ്യമങ്ങളില്‍ ഉയരുന്ന അഭ്യൂഹങ്ങളും കുടുംബം നിഷേധിക്കുന്നു.

'ഗംഗുഭായി എല്ലാവരുടെയും നീതിക്ക് വേണ്ടി തന്‍റെ ജീവിതകാലം മുഴുവൻ പോരാടി. വിരോധാഭാസമെന്നുപറയട്ടെ, ആ നീതി ഞങ്ങള്‍ക്ക് ഇന്ന് നിഷേധിക്കപ്പെടുകയാണ്,' കുടുംബം പറയുന്നു. ബെര്‍ലിന്‍ അന്താരാഷ്‌ട്ര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ച ചിത്രം ഫെബ്രുവരി 25നാണ് തിയേറ്ററുകളിലെത്തുന്നത്.

Also read: 'ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചണ്‍' ഹിന്ദി റീമേക്കില്‍ സന്യ മൽഹോത്രയും

ABOUT THE AUTHOR

...view details