എക്കാലത്തെയും തെലുഗു ബ്ലോക്ക്ബസ്‌റ്റർ ചിത്രം 'ഇസ്‌മാര്‍ട്ട് ശങ്കർ' (iSmart shankar) തിയേറ്ററുകളിൽ എത്തിയിട്ട് നാല് വർഷങ്ങൾ പൂര്‍ത്തിയാകുന്ന വേളയില്‍ റാം പൊതിനേനിയും സംവിധായകൻ പുരി ജഗന്നാഥും വീണ്ടും ഒന്നിക്കുകയാണ്. 'ഡബിൾ ഇസ്‌മാർട്ട്' എന്ന് പേരിട്ടിരിക്കുന്ന സിനിമയ്‌ക്ക് വേണ്ടിയാണ് ഇരുവരും വീണ്ടും ഒന്നിച്ചെത്തുന്നത്. 'ഇസ്‌മാര്‍ട്ട് ശങ്കറി'ന്‍റെ രണ്ടാം ഭാഗമാണ് 'ഡബിൾ ഇസ്‌മാർട്ട്'.
സിനിമയുടെ ചിത്രീകരണം അടുത്തിടെ മുംബൈയിൽ ആരംഭിച്ചിരുന്നു. ഒരു ഗംഭീര ആക്ഷൻ സീക്വൻസിലൂടെയാണ് ചിത്രീകരണം ആരംഭിച്ചത്. സിനിമയ്‌ക്ക് വേണ്ടി ഒരു സ്‌റ്റൈലിഷ് മേക്കോവറാണ് റാം പൊതിനേനി നടത്തിയിരിക്കുന്നത്. പുരി കണക്‌ട്‌സിന്‍റെ ബാനറിൽ പുരി ജഗനാഥും ചാർമി കൗറും ചേർന്നാണ് സിനിമയുടെ നിർമാണം.
ഇപ്പോഴിതാ സിനിമയെ കുറിച്ചുള്ള പുതിയ അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ചിത്രത്തില്‍ ബോളിവുഡ് താരം സഞ്ജയ് ദത്തും സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഒരു മുഴുനീള കഥാപാത്രത്തെയാണ് ചിത്രത്തില്‍ താരം അവതരിപ്പിക്കുന്നത്. ആദ്യ ഷെഡ്യുളിൽ തന്നെ താരം ജോയിൻ ചെയ്‌തിരുന്നു. 'ഡബിൾ ഇസ്‌മാർട്ട് ശങ്കറി'ല്‍ ബിഗ് ബുൾ എന്ന കഥാപാത്രത്തെയാണ് സഞ്ജയ് ദത്ത് അവതരിപ്പിക്കുക. സിനിമയിലെ സഞ്ജയ് ദത്തിന്‍റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്തുവിട്ടിരിക്കുകയാണ് നിര്‍മാതാക്കള്‍. താരത്തിന്‍റെ ജന്മദിനത്തോടനുബന്ധിച്ചാണ് നിര്‍മാതാക്കള്‍ ഫസ്‌റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുന്നത്.
തീർത്തും വ്യത്യസ്‌തമായ ഗെറ്റപ്പിലാണ് ഫസ്‌റ്റ് ലുക്കില്‍ സഞ്ജയ് ദത്ത് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തോക്കിന്‍ മുനയില്‍ നില്‍ക്കുന്ന സഞ്ജയ് ദത്ത് സിഗരറ്റ് വലിച്ച് കൊണ്ട് നില്‍ക്കുന്നതാണ് ഫസ്‌റ്റ് ലുക്കില്‍. കയ്യില്‍ വലിയ വിലപിടിപ്പുള്ള വാച്ചും മോതിരവും കമ്മലും അണിഞ്ഞ്, മുഖത്ത് ടാറ്റു അടിച്ചും തീര്‍ത്തും വ്യത്യസ്‌തമായ ലുക്കാണ് ഫസ്‌റ്റ് ലുക്കില്‍ താരത്തിന്. ഒരു ശക്തമായ കഥാപാത്രത്തെയാണ് ചിത്രത്തില്‍ സഞ്ജയ് ദത്ത് അവതരിപ്പിക്കുന്നത് എന്നാണ് ഫസ്‌റ്റ് ലുക്ക് നല്‍കുന്ന സൂചന.