ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ (Farm Laws) പിന്‍വലിക്കുമെന്ന (Repeal farm laws) പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്‌ത് കര്‍ഷക സംഘടനയായ സംയുക്ത കിസാന്‍ മോര്‍ച്ച (Samyukta Kisan Morcha). എന്നാല്‍ പാർലമെന്‍ററി നടപടിക്രമങ്ങളിലൂടെ പ്രഖ്യാപനം പ്രാബല്യത്തില്‍ വരുന്നതുവരെ കാത്തിരിക്കുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച നിലപാട് വ്യക്തമാക്കി.
'സംയുക്ത കിസാൻ മോർച്ച ഈ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു, പാർലമെന്‍ററി നടപടിക്രമങ്ങളിലൂടെ പ്രഖ്യാപനം പ്രാബല്യത്തിൽ വരുന്നതുവരെ കാത്തിരിക്കും,' സംയുക്ത കിസാന്‍ മോര്‍ച്ച പ്രസ്‌താവനയില്‍ പറഞ്ഞു. ഉടന്‍ യോഗം കൂടുമെന്നും തീരുമാനം അതിന് ശേഷം അറിയിക്കുമെന്നും സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു.
കർഷകരുടെ പ്രക്ഷോഭം മൂന്ന് കാര്‍ഷിക നിയമങ്ങൾ റദ്ദാക്കുന്നതിനെതിരെ മാത്രമല്ലെന്നും കര്‍ഷക സംഘടന പറഞ്ഞു. എല്ലാ കാർഷിക ഉൽപന്നങ്ങൾക്കും എല്ലാ കർഷകർക്കും ആദായകരമായ വിലയ്ക്കുള്ള നിയമപരമായ ഉറപ്പിന് വേണ്ടി കൂടിയാണ് കര്‍ഷകരുടെ പ്രക്ഷോഭം. ഈ ആവശ്യം ഇപ്പോഴും നിലനിൽക്കുകയാണെന്നും സംഘടന വ്യക്തമാക്കി.
ഗുരുനാനാക്ക് ദിനത്തോട് അനുബന്ധിച്ച് രാഷ്ട്രത്തെ അഭിസംബോധന ചെയ്യവേയാണ് വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. ശൈത്യകാല പാർലമെന്‍റ് സമ്മേളനത്തില്‍ ഇക്കാര്യം അവതരിപ്പിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചിരുന്നു.
Read more: Indian Farm Laws| മുട്ടുമടക്കി കേന്ദ്രം; വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കും