വാരാണസി (ഉത്തർപ്രദേശ്) : ഭോജ്‌പുരി നടി ആകാൻക്ഷ ദുബെയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ പിടിയിലായ ഗായകൻ സമർ സിങ്ങിനെ 5 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു. നടിയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ ചോദ്യം ചെയ്യുന്നതിനായാണ് ഇയാളെ പൊലീസ് റിമാൻഡിൽ വാങ്ങിയത്. കേസിലെ മറ്റൊരു പ്രതി സഞ്ജയ് സിങ് ഇപ്പോൾ 14 ദിവസത്തേക്ക് റിമാൻഡിലാണ്. ഇരുവരെയും വാരാണസിയിലെ ജില്ല ജയിലിലാണ് പാർപ്പിച്ചിട്ടുള്ളത്.
ഏപ്രിൽ 8നാണ് ആകാൻക്ഷ ദുബെയുടെ മരണവുമായി ബന്ധപ്പെട്ട് സമർ സിങ്ങിനെ പൊലീസ് അറസ്റ്റ് ചെയ്‌തത്. കേസിൽ ക്രൈംബ്രാഞ്ച് ഇയാളെ ചോദ്യം ചെയ്‌ത് വരികയാണ്. ചോദ്യം ചെയ്യലിൽ സമർ സിങ് പൂർണമായി സഹകരിക്കുന്നുണ്ടെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം. അതേസമയം ആകാൻഷ ദുബെയുടെ മരണത്തിൽ തനിക്ക് പങ്കില്ലെന്ന് ആവർത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുകയാണ് സമർ സിങ്ങെന്നും പൊലീസ് വ്യക്‌തമാക്കി.
'താൻ കാരണമാണ് ആകാൻക്ഷ ദുബെ ആത്മഹത്യ ചെയ്തതെങ്കിൽ ആത്മഹത്യ കുറിപ്പിലൂടെയോ മറ്റേതെങ്കിലും മാർഗത്തിലൂടെയോ അവർ തന്നെ കുറ്റപ്പെടുത്തുമായിരുന്നു. തങ്ങൾക്കിടയിൽ അത്ര ദൃഢമായ ബന്ധമൊന്നും ഉണ്ടായിരുന്നില്ല. അവളുടെ മരണത്തിന്‍റെ കാരണം മറ്റെന്തോ ആണ്. ആകാൻക്ഷയ്‌ക്കൊപ്പം 26-ലധികം ആൽബങ്ങൾ താൻ ചെയ്തിട്ടുണ്ട്. ഞങ്ങൾ നല്ല സുഹൃത്തുക്കളായിരുന്നു. പരസ്‌പരം എല്ലാ കാര്യങ്ങളും പങ്കുവയ്‌ക്കാറുണ്ടായിരുന്നു. സമർ സിങ് ചോദ്യം ചെയ്യലിൽ വ്യക്‌തമാക്കി.
സാമ്പത്തിക പ്രശ്‌നങ്ങൾ ഇല്ല : തങ്ങൾക്കിടയിൽ സാമ്പത്തിക ഇടപാടുകളോ, പ്രശ്‌നങ്ങളോ ഒന്നുമില്ലെന്നും സമർ സിങ് ചോദ്യം ചെയ്യലിൽ വ്യക്‌തമാക്കി. ഞാൻ ആകാൻക്ഷയ്ക്ക് പണം നൽകിയിട്ടില്ലെന്ന ആരോപണം തെറ്റാണ്. കാരണം ഞങ്ങൾ ഒരുമിച്ച് പ്രവർത്തിച്ചിട്ടുള്ള ആൽബങ്ങളിലെല്ലാം അവൾക്ക് പ്രതിഫലം നൽകിയിട്ടുണ്ട്. അവൾ മെച്ചപ്പെട്ട ജീവിതമാണ് നയിക്കുന്നത്. എന്തുകൊണ്ടാണ് ആത്മഹത്യ ചെയ്‌തതെന്ന് അറിയില്ലെന്നും സമർ സിങ് ചോദ്യം ചെയ്യലിൽ പറഞ്ഞു.