പ്രേക്ഷകര്‍ നാളേറെയായി ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സല്‍മാന്‍ ഖാന്‍റെ 'ടൈഗര്‍ 3' (Tiger 3). സൽമാൻ ഖാൻ, കത്രീന കൈഫ്, ഇമ്രാന്‍ ഹാഷ്‌മി എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രം ബിഗ് സ്‌ക്രീനില്‍ എത്തുന്നതിന് മുമ്പ് തന്നെ ബോക്‌സ് ഓഫീസില്‍ 15 കോടി രൂപയുടെ കലക്ഷന്‍ നേടിയിരിക്കുകയാണ് (Tiger 3 advance booking collection).
എന്നാല്‍ അഡ്വാന്‍സ് ബുക്കിംഗ് കലക്ഷന്‍റെ കാര്യത്തില്‍ ഷാരൂഖ് ഖാന്‍റെ 'ജവാനും', 'പഠാനും' പിന്നിലാണ് 'ടൈഗര്‍ 3'. ചിത്രം അഡ്വാന്‍സ് ബുക്കിംഗിലൂടെ 5.86 ലക്ഷം ടിക്കറ്റുകള്‍ വിറ്റഴിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിലൂടെ 15.58 കോടി രൂപയുടെ കലക്ഷനാണ് ചിത്രം നേടിയത്.
യാഷ് രാജ് ഫിലിംസ് പ്രൊഡക്ഷന്‍റെ 'ടൈഗർ 3' ദീപാവലി റിലീസായി നാളെ (നവംബര്‍ 12) തിയേറ്ററുകളില്‍ എത്തുന്നത്. 5,000 സ്‌ക്രീനുകളിലാണ് 'ടൈഗര്‍ 3' നാളെ പ്രദര്‍ശനത്തിനെത്തുന്നത്. ആദ്യ ദിനം ചിത്രം 40 കോടി രൂപയുടെ കലക്ഷന്‍ നേടുമെന്നാണ് കണക്കുകൂട്ടല്‍.
അതേസമയം 'കിസി കാ ഭായ് കിസി കി ജാൻ' (Kisi Ka Bhai Kisi Ki Jaan) ആണ് സൽമാൻ ഖാന്‍റേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം. അതേസമയം ഷാരൂഖ് ഖാന്‍റെ 'പഠാനില്‍' അതിഥി വേഷത്തിലും സൽമാൻ എത്തിയിരുന്നു.
Also Read:ഷാരൂഖിനെ കൂടാതെ ഹൃത്വിക് റോഷനും ടൈഗര്‍ 3യില്‍? സ്‌പൈ യൂണിവേഴ്‌സില്‍ മൂന്ന് സൂപ്പര്‍ താരങ്ങള്‍ ഒന്നിച്ചാല്‍...
ഇന്ത്യന്‍ സിനിമയിലെ ഏറ്റവും പ്രമുഖ ഫ്രാഞ്ചൈസികളില്‍ ഒന്നായ യാഷ് രാജ് ഫിലിംസിന്‍റെ സ്‌പൈ യൂണിവേഴ്‌സിന്‍റെ ഭാഗമാണ് 'ടൈഗര്‍ 3'. ഈ സ്‌പൈ യൂണിവേഴ്‌സിന്‍റെ അഞ്ചാമത്തെ ചിത്രമായ 'ടൈഗര്‍ 3'യില്‍ ഷാരൂഖ് ഖാന്‍ 'പഠാന്‍' എന്ന അതിഥി വേഷത്തിലും പ്രത്യക്ഷപ്പെടും. 2012ല്‍ പുറത്തിറങ്ങിയ 'ഏക് താ ടൈഗര്‍', 'ടൈഗര്‍ സിന്ദാ ഹേ' (2017), 'പഠാന്‍' (2023), 'ടൈഗര്‍ 3' (2023), 'വാര്‍ 2' എന്നിവയാണ് സ്‌പൈ യൂണിവേഴ്‌സിന്‍റെ ഭാഗമായുള്ള മറ്റ് ചിത്രങ്ങള്‍.
ഷാരൂഖ് ഖാനെ കൂടാതെ ഹൃത്വിക് റോഷനും 'ടൈഗര്‍ 3'യുടെ ഭാഗമാകുമെന്നാണ് സൂചന (Hrithik Roshan to join Tiger 3). 'വാര്‍' ഫ്രാഞ്ചൈസിയിലെ കബീര്‍ അഥവാ ഹൃത്വിക് റോഷനും 'ടൈഗര്‍ 3'യില്‍ പ്രത്യക്ഷപ്പെടും എന്നാണ് റിപ്പോര്‍ട്ടുകള്‍. മനീഷ് ശർമ ആണ് സിനിമയുടെ സംവിധാനം. 'ടൈഗര്‍ 3'യിലെ സല്‍മാന്‍ ഖാന്‍റെ എന്‍ട്രിയെ കുറിച്ച് അടുത്തിടെ മനീഷ് ശര്‍മ വെളിപ്പെടുത്തിയിരുന്നു.
'അവിസ്‌മരണീയമായ നിരവധി ഇന്‍ട്രോ സീക്വൻസുകൾ സൽമാൻ ഖാൻ ഞങ്ങൾക്ക് നൽകിയിട്ടുണ്ട്. സൽമാൻ ആരാധകരും ബോളിവുഡ് സിനിമാപ്രേമികളും കാത്തിരിക്കുന്ന ഐതിഹാസിക നിമിഷങ്ങളിൽ ഒന്നാണിത്. ടൈഗർ ഫ്രാഞ്ചൈസിയിലെ സല്‍മാൻ ഖാന്‍റെ ഓരോ എൻട്രിയും വ്യത്യസ്‌തതയും പ്രത്യേകതയും നിറഞ്ഞതാണ്. ആക്ഷൻ വിദഗ്‌ധര്‍, സ്റ്റണ്ട് പെർഫോമർമാർ, സ്‌പെഷ്യൽ ഇഫക്‌റ്റ് ആർട്ടിസ്റ്റുകൾ തുടങ്ങിയവരുൾപ്പടെ കഴിവുറ്റവരും ഉത്സാഹികളുമായ വ്യക്തികളുടെ ഒരു സംഘമാണ് 'ടൈഗര്‍ 3'.
Also Read:ടൈഗര്‍ 3യിലെ സൽമാൻ ഖാന്‍റെ മാസ് എൻട്രി ; ആ 10 മിനിറ്റിനെ കുറിച്ച് സംവിധായകൻ മനീഷ് ശർമ്മ
ചിത്രത്തില്‍ ടൈഗറുടെ മാസ് എന്‍ട്രിയോട് നീതി പുലർത്തുമെന്ന് വാഗ്‌ദാനം ചെയ്യുന്ന 10 മിനിട്ട് ദൈര്‍ഘ്യമുള്ള സ്വീക്വൻസ് സൃഷ്‌ടിക്കാൻ കഴിഞ്ഞു. ഈ ആമുഖ സീക്വൻസ് സിനിമയുടെ പ്രധാന ഹൈലൈറ്റ് ആണ്. കൂടാതെ ടൈഗര്‍ എത്രമാത്രം കൂൾ ആണെന്ന് സല്‍മാൻ ആരാധകരെ ഓർമിപ്പിക്കുന്ന ഒരു ആവേശകരമായ ആക്ഷൻ സീക്വൻസും സിനിമയില്‍ ഉൾപ്പെടുന്നു' - ഇപ്രകാരമാണ് മനീഷ് ശർമ്മ പറഞ്ഞത്.