ന്യൂഡല്‍ഹി :ഇന്ത്യന്‍ ഗുസ്‌തി ഫെഡറേഷനിലേക്ക് (WFI) നടന്ന തെരഞ്ഞെടുപ്പില്‍ ബ്രിജ് ഭൂഷണ്‍ സിങ്ങിന്‍റെ അടുത്ത അനുയായി സഞ്ജയ് സിങ്ങ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. ഹരിയാനയില്‍ നിന്നുള്ള ഗുസ്‌തി താരങ്ങളുടെ പ്രതിനിധിയായി മല്‍സരിച്ച അനിതാ ഷിയറോണിനെയാണ് സഞ്ജയ് സിങ്ങ് പരാജയപ്പെടുത്തിയത്. അധ്യക്ഷ സ്ഥാനത്തേക്ക് നടന്ന മല്‍സരത്തില്‍ സഞ്ജയ് സിങ്ങിന് 40 വോട്ടും എതിര്‍ സ്ഥാനാര്‍ത്ഥി അനിതാ ഷിയറോണിന് 8 വോട്ടുമാണ് കിട്ടിയത്.
ഗുസ്‌തി ഫെഡറേഷന്‍ പ്രസിഡണ്ട് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങ് ഗുസ്‌തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് ഇന്ത്യയുടെ രാജ്യാന്തര ഗുസ്‌തി താരങ്ങളായ വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്ക്, ബജ്രംഗ് പൂനിയ എന്നിവരുടെ നേതൃത്വത്തില്‍ ഗുസ്‌തി താരങ്ങള്‍ ജന്തര്‍ മന്തറില്‍ ധര്‍ണ നടത്തിയതോടെയായിരുന്നു വിവാദങ്ങളുടെ തുടക്കം. ഈ വര്‍ഷമാദ്യം ജനുവരി 18 നായിരുന്നു ഈ പ്രതിഷേധം.
നിരന്തരമായ പ്രതിഷേധങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കുമൊടുവില്‍ ഗുസ്‌തി ഫെഡറേഷനിലേക്ക് തെരഞ്ഞെടുപ്പ് നടത്തുന്നത് അഡ്ഹോക്ക് കമ്മിറ്റിയെ വെച്ചാകാമെന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ സമ്മതിച്ചു. ഏപ്രില്‍ 27 ന് ഇതനുസരിച്ച് താല്‍ക്കാലിക കമ്മിറ്റിയെ പ്രഖ്യാപിച്ചു. അതിനിടെ ജൂണ്‍ മാസത്തില്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ പോലീസ് കുറ്റ പത്രം സമര്‍പ്പിച്ചു.
ആദ്യം മെയ് ഏഴിന് തെരഞ്ഞെടുപ്പ് നടത്താനായിരുന്നു തീരുമാനിച്ചതെങ്കിലും അത് മാറ്റി വെക്കുകയായിരുന്നു. ജൂലൈ ആറിനും പതിനൊന്നിനും തെരഞ്ഞെടുപ്പ് നടത്തുമെന്ന് പിന്നീട് പ്രഖ്യാപിച്ചെങ്കിലും ആ തീയതികളിലും നടന്നില്ല. ഹരിയാന, തെലങ്കാന, രാജസ്ഥാന്‍, ഹിമാചല്‍, മഹാരാഷ്ട്ര സംസ്ഥാന ഗുസ്‌തി ഫെഡറേഷനുകളുടെ അഫിലിയേഷനുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെത്തുടര്‍ന്ന് തെരഞ്ഞെടുപ്പ് നീണ്ടു പോയി. ആഗസ്‌ത് 12 ന് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത് പഞ്ചാബ് ഹരിയാനാ ഹൈക്കോടതി സ്റ്റേ ചെയ്‌തു.