ജയ്പൂർ :അശോക് ഗെലോട്ടിന്‍റെ (Ashok Gehlot government) നേതൃത്വത്തില്‍ മന്ത്രിസഭ പുനസംഘടിപ്പിച്ചത് (Rajasthan cabinet reshuffle) സംസ്ഥാനത്തിന് നൽകുന്നത് മികച്ച സന്ദേശമെന്ന് കോൺഗ്രസ് നേതാവും മുൻ രാജസ്ഥാൻ ഉപമുഖ്യമന്ത്രിയുമായ സച്ചിൻ പൈലറ്റ് (Sachin Pilot). പാർട്ടിയിൽ വിഭാഗീയത ഇല്ലെന്നാണിത് തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഞായറാഴ്‌ച വൈകിട്ട് നടക്കാനിരിക്കെ വസതിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ALSO READ: Ashok Gehlot government | രാജസ്ഥാനില്‍ പുതിയ മന്ത്രിമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
പുതിയ മന്ത്രിസഭയിൽ ദലിത് പ്രാതിനിധ്യം വർധിപ്പിക്കുന്നതടക്കം താൻ ഉന്നയിച്ച പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടതിൽ സന്തോഷമുണ്ട്. ദലിത് വിഭാഗത്തിൽ നിന്ന് ആദിവാസി പ്രാതിനിധ്യമുള്‍പ്പടെ നാല് പേരാണ് മന്ത്രിസഭയുടെ ഭാഗമായത്. കൂടാതെ വനിതാപ്രാതിനിധ്യവും വർധിപ്പിച്ചു. ഇത്തരം മുന്നേറ്റങ്ങൾ വലിയ സന്ദേശമാണ് സമൂഹത്തിന് നൽകുന്നതെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു.
വരാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ വനിതാ സ്ഥാനാർഥികൾക്ക് 40 ശതമാനം സംവരണം ഉറപ്പുവരുത്തുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി നേരത്തേ അറിയിച്ചിരുന്നു. അതിന്‍റെ പ്രതിഫലനമാണ് ഇവിടുത്തെയും വനിതാപ്രാതിനിധ്യത്തിലെ വർധനവ്. മന്ത്രിസഭാ പുനസംഘടന ഭാവിയിൽ കോൺഗ്രസിന് ഗുണകരമാകും. 2023ൽ സംസ്ഥാനത്ത് വീണ്ടും കോൺഗ്രസ് സർക്കാർ രൂപീകരിക്കാനാകുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.