ന്യൂഡൽഹി:വിദേശകാര്യ മന്ത്രി ഡോ. എസ് ജയ്‌ശങ്കർ ഉഗാണ്ടയും മൊസാംബിക്കും സന്ദർശിക്കും. ആറ് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന് പോവുന്ന ജയ്‌ശങ്കര്‍ തിങ്കളാഴ്‌ച (ഏപ്രില്‍ 10) ഉഗാണ്ടയിലെത്തും. ഏപ്രിൽ 10 മുതൽ 12 വരെ അദ്ദേഹം ഈ രാജ്യത്തുണ്ടാവും.
ജയ്‌ശങ്കര്‍ ആദ്യമെത്തുക ഉഗാണ്ടയിലാണെന്ന് സന്ദർശനം അറിയിച്ചുകൊണ്ട് വിദേശകാര്യ മന്ത്രാലയം (എംഇഎ) ഇന്ന് വാര്‍ത്താക്കുറിപ്പ് പ്രസിദ്ധീകരിച്ചു. സന്ദർശന വേളയിൽ, ഉഗാണ്ടയുടെ വിദേശകാര്യ മന്ത്രി ജനറൽ ജെജെ ഒഡോംഗോയുമായി അദ്ദേഹം പ്രതിനിധിതല ചർച്ച നടത്തും. തുടര്‍ന്ന്, മറ്റ് മന്ത്രിമാരെ കാണുമെന്നും ചര്‍ച്ചകള്‍ നടത്തുമെന്നുമാണ് വിവരം.
ഉഭയകക്ഷി ധാരണാപത്രം ഒപ്പുവയ്‌ക്കും:ജിഞ്ചയിലെ നാഷണൽ ഫോറൻസിക് സയൻസ് യൂണിവേഴ്‌സിറ്റിയുടെ (എൻഎഫ്എസ്‌യു) ട്രാൻസിറ്റ് കാമ്പസിന്‍റെ ഉദ്ഘാടനവും സന്ദര്‍ശവേളയില്‍ അദ്ദേഹം നിർവഹിക്കും. ഇന്ത്യയ്‌ക്ക് പുറത്ത് എൻഎഫ്എസ്‌യുവിന്‍റെ ആദ്യ കാമ്പസ് സ്ഥാപിക്കുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരും ഉഗാണ്ട സർക്കാരും തമ്മിലുള്ള ഉഭയകക്ഷി ധാരണാപത്രം ഒപ്പുവയ്‌ക്കും. ഉഗാണ്ടയിൽ സൗരോർജ ജലവിതരണ പദ്ധതിയുടെ തറക്കല്ലിടൽ ചടങ്ങിൽ പങ്കെടുക്കും. തുടര്‍ന്ന് ഇന്ത്യന്‍ പ്രവാസികളെയും വ്യാപാര മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെയും അഭിസംബോധന ചെയ്‌ത് സംസാരിക്കും.
ഏപ്രിൽ 13 മുതൽ 15 വരെയാണ് ജയ്‌ശങ്കര്‍ മൊസാംബിക് സന്ദർശിക്കുക. കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക് സന്ദര്‍ശിക്കുന്ന ഇന്ത്യയുടെ ആദ്യ വിദേശകാര്യ മന്ത്രിയാണ് അദ്ദേഹം. അവിടുത്തെ വിദേശകാര്യ മന്ത്രി വെറോണിക്ക മക്കാമോയുമായി അദ്ദേഹം കൂടിക്കാഴ്‌ച നടത്തും. മൊസാംബിക്കിലെ മറ്റ് മന്ത്രിമാരുമായും പാര്‍ലമെന്‍റ് പ്രതിനിധികളുമായും ജയ്‌ശങ്കര്‍ സംസാരിക്കും. തുടര്‍ന്ന്, ഇന്ത്യൻ പ്രവാസികളുമായും സംവദിക്കും. ഉഗാണ്ടയിലും മൊസാംബിക്കിലും മന്ത്രി സന്ദർശിക്കുന്നത് ഇരുരാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ഉഭയകക്ഷി ബന്ധം ശക്തമാക്കുമെന്നാണ് കേന്ദ്രം കണക്കുകൂട്ടുന്നത്.