പ്യോങ്‌യാങ്ങ്: ഇന്ത്യയിൽ ജി 20 ഉച്ചകോടി (G20 Summit) നടക്കുന്നതിനിടെ ഉത്തരകൊറിയ സംഘടിപ്പിക്കുന്ന പാരാ മിലിട്ടറി പരേഡിൽ പങ്കെടുത്ത് ചൈനീസ്, റഷ്യന്‍ പ്രതിനിധികൾ (Russian and Chinese delegates attend paramilitary parade of North Korea). ജി 20 യിൽ പങ്കെടുക്കാതെ ചൈനയുടെയും റഷ്യയുടെയും രാഷ്ട്രത്തലവന്മാർ വിട്ടുനിൽക്കുന്ന സാഹചര്യത്തിൽ, സമാന്തരമായി നടക്കുന്ന ഉത്തരകൊറിയൻ അർദ്ധ സൈനിക പരേഡിൽ ഈ രാജ്യങ്ങളുടെ പങ്കാളിത്തം അന്താരാഷ്ട്ര മാധ്യമങ്ങളിൽ വലിയ ചർച്ചാവിഷയമാണ്. ഉത്തരകൊറിയയുടെ 75-ാം സ്ഥാപകാഘോഷങ്ങളുടെ ഭാഗമായാണ് സൈനിക പരേഡ് അടക്കമുള്ള പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്.
രാജ്യ തലസ്ഥാനമായ പ്യോങ്‌യാങ്ങിൽ (Pyongyang) നടക്കുന്ന പരേഡിൽ തങ്ങളുടെ പക്കലുള്ള റോക്കറ്റ് ലോഞ്ചറുകളും മറ്റായുധങ്ങളും ഉത്തര കൊറിയ അണിനിരത്തി. പരിപാടിയിൽ ചൈനയിൽ നിന്ന് വൈസ് പ്രീമിയർ ലിയു ഗുവോഷോങ്ങിന്‍റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് പങ്കെടുത്തത്. അതേസമയം പാട്ടുകാരുടെയും നർത്തകരുടെയും സംഘമാണ് റഷ്യയിൽ നിന്ന് പങ്കെടുത്തത്. നേരത്തെ 75-ാം സ്ഥാപകാഘോഷങ്ങൾക്ക് ആശംസ നേർന്ന് റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിൻ ഉത്തരകൊറിയൻ ഭരണാധികാരി കിം ജോംഗ് ഉന്നിന് കത്തയച്ചിരുന്നു. തങ്ങളുടെ രാജ്യങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും, മേഖലയുടെ സമാധാനത്തിനും സുസ്ഥിരതയ്ക്കും സംഭാവന നൽകുമെന്ന് ഇരു നേതാക്കളും പറഞ്ഞതായി ഉത്തര കൊറിയൻ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
കിം ജോംഗ് ഉൻ റഷ്യയിലേക്ക് :കിം ജോംഗ് ഉൻ റഷ്യ സന്ദർശിക്കാനിരിക്കെയാണ് ആഘോഷ പരിപാടികളിലും പരേഡിലും റഷ്യ പങ്കാളികളാകുന്നത്. ഈ മാസം അവസാനത്തോടെ കിം റഷ്യയിലേക്ക് പോകുമെന്നാണ് റിപ്പോർട്ട്. ആയുധ വ്യാപാരവുമായി ബന്ധപ്പെട്ട് റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുട്ടിനുമായി ചർച്ച നടത്തുകയാണ് കിമ്മിന്‍റെ പ്രധാന ലക്ഷ്യമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിടുന്ന വിവരം. റഷ്യയിൽ നിന്ന് ഉപഗ്രഹ സാങ്കേതികവിദ്യയും ആണവ മുങ്ങിക്കപ്പലുകളും ഭക്ഷ്യവസ്തുക്കളും കൊറിയ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. കൊവിഡ് മഹാമാരിക്കുശേഷം ആദ്യമായാണ് കിം വിദേശയാത്ര നടത്തുന്നത്.
റഷ്യയുടെ പസിഫിക് തീര നഗരമായ വ്ലാഡിവോസ്റേറാക്ക് ആയിരിക്കും ഇരുനേതാക്കളും തമ്മിലുള്ള ചർച്ചയുടെ വേദി എന്നാണ് റിപ്പോർട്ട്. ട്രെയിനിലാകും കിം ഇവിടേക്കു പോകുക. നിരവധി സുരക്ഷാഭടൻമാർ ഉൾപ്പെട്ട ട്രെയിനിൽ 1000 കിലോമീറ്ററോളം ഒറ്റ ദിവസം കൊണ്ടു സഞ്ചരിച്ചാകും കിം റഷ്യയിൽ എത്തുക. സുരക്ഷാ കാരണങ്ങളാല്‍ വിമാനയാത്രകള്‍ ഒഴിവാക്കി പ്രത്യേക ട്രെയിനിലാണ് കിം കൂടുതലും സഞ്ചരിക്കാറ്. 2018 ൽ ചൈനയിലേക്ക് നടത്തിയ യാത്രയും ട്രെയിനിലായിരുന്നു.
കിമ്മിന്‍റെ റഷ്യ-ചൈന പ്രേമത്തിന് പിന്നില്‍ :അമേരിക്ക, ദക്ഷിണ കൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങൾ തമ്മിൽ രൂപപ്പെട്ടുവരുന്ന ആഴത്തിലുള്ള സുരക്ഷാ സഹകരണത്തെ പ്രതിരോധിക്കാനും നയതന്ത്ര ഒറ്റപ്പെടലിൽ നിന്ന് പുറത്തുകടക്കാനും ലക്ഷ്യമിട്ടാണ് ഉത്തര കൊറിയ ചൈനയുമായും റഷ്യയുമായും കൂടുതൽ അടുക്കുന്നത്. ജൂലൈയിൽ പ്യോങ്‌യാങ്ങിൽ നടന്ന സൈനിക പരേഡിലേക്ക് റഷ്യൻ പ്രതിരോധ മന്ത്രി സെർജി ഷോയിഗുവിനും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പൊളിറ്റ്ബ്യൂറോ അംഗം ലി ഹോങ്‌ഷോങ്ങിക്കും ക്ഷണമുണ്ടായിരുന്നു. ഈ പരേഡിലാണ് അമേരിക്ക വരെയെത്താൻ കഴിയുന്ന തങ്ങളുടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾ ഉൾപ്പെടെയുള്ള പുതിയ ആയുധങ്ങൾ ഉത്തര കൊറിയ പുറത്തിറക്കിയത്.