ന്യൂഡല്‍ഹി: ത്രിപുര നിയമസഭയില്‍ ബിജെപി- പ്രതിപക്ഷ എംഎല്‍എമാര്‍ തമ്മില്‍ സംഘര്‍ഷവും കയ്യാങ്കളിയും. നിയമസഭക്കുള്ളിലിരുന്ന് ബിജെപി എംഎല്‍എ അശ്ലീല വീഡിയോ കണ്ടതിനെ സംബന്ധിച്ച് പ്രതിപക്ഷം ചോദ്യങ്ങളുയര്‍ത്തിയതാണ് സംഘര്‍ഷത്തിന് കാരണമായത്. ബിജെപി എംഎല്‍എ ജാദവ് ലക് നാഥാണ് നിയമസഭക്കുള്ളിലിരുന്ന് അശ്ലീല വീഡിയോ കണ്ടത്.
സംഘര്‍ഷത്തെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങി പോയി. ഇതോടെ സഭ നടപടികള്‍ നിര്‍ത്തി വച്ചു. വിഷയവുമായി ബന്ധപ്പെട്ട് സഭ നടപടികള്‍ക്ക് തടസം സൃഷ്‌ടിച്ചെന്ന് ചൂണ്ടിക്കാട്ടി അഞ്ച് പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ കേസെടുത്തു.
നിയമസഭക്കുള്ളിലെ സംഘര്‍ഷത്തിന്‍റെയും ഇരുവിഭാഗത്തിന്‍റെയും കയ്യാങ്കളിയുടെയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. നിയമസഭക്കുള്ളിലിരുന്ന് ബിജെപി എംഎല്‍എയായ ജാദവ് ലക് നാഥ് അശ്ലീല വീഡിയോ കണ്ടതിനെ കുറിച്ച് പ്രതിപക്ഷ നേതാവ് അനിമേഷ് ദേബ്ബര്‍മ്മ ചോദ്യം ഉന്നയിച്ചതിന് തൊട്ടു പിന്നാലെയാണ് സംഘര്‍ഷം ഉടലെടുത്തത്. വിഷയത്തില്‍ ചര്‍ച്ച വേണമെന്ന അനിമേഷ് ദേബ്ബര്‍മ്മയുടെ ആവശ്യം സ്‌പീക്കര്‍ നിരസിക്കുകയും മറ്റ് ചില കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പ്രതിപക്ഷ എംഎല്‍എമാരോട് നിര്‍ദേശിക്കുകയും ചെയ്‌തതാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്.
സംഭവത്തില്‍ പ്രകോപിതരായ പ്രതിപക്ഷ എംഎല്‍എമാര്‍ നിയമസഭക്കുള്ളില്‍ മുദ്രാവാക്യം വിളിച്ചു. ഇതോടെ നിയമസഭ പ്രക്ഷുബ്‌ധമാകുകയായിരുന്നു. നിയമസഭക്കുള്ളിലെ ബിജെപി എംഎല്‍എയുടെ പെരുമാറ്റത്തില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്, തി പ്രമോത, സിപിഎം അടക്കമുള്ള പ്രതിപക്ഷ അംഗങ്ങളാണ് പ്രതിഷേധിച്ചത്. തുടര്‍ന്ന് നടുക്കളത്തിലിറങ്ങി പ്രതിപക്ഷം മുദ്രാവാക്യം വിളിക്കുകയും അതിനിടെ ബിജെപി എംഎല്‍എമാരുമായി കയ്യാങ്കളിയുണ്ടാകുകയും ചെയ്‌തു. ഇതോടെ അഞ്ച് പ്രതിപക്ഷ എംഎല്‍എമാരെ സ്‌പീക്കര്‍ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്‌തു.