കാലിഫോര്‍ണിയ\ ന്യൂഡല്‍ഹി : ഓസ്‌കര്‍ നാമനിര്‍ദേശ പട്ടികയില്‍ ഇടംപിടിച്ച് എസ്‌എസ് രാജമൗലി ചിത്രം ആര്‍ആര്‍ആര്‍. ചിത്രത്തിലെ 'നാട്ടു, നാട്ടു' എന്ന ഗാനത്തിന് ഒറിജിനല്‍ സോങ് വിഭാഗത്തിലാണ് നാമനിര്‍ദേശം. ഡോക്യുമെന്‍ററി വിഭാഗത്തില്‍ ഇന്ത്യയുടെ ഓള്‍ ദാറ്റ് ബ്രീത്ത്‌സിനും, ദ എലിഫന്‍റ് വിസ്‌പറേഴ്‌സിനും നാമനിര്‍ദേശം നേടാന്‍ കഴിഞ്ഞിട്ടുണ്ട്.
ഓസ്‌കര്‍ നാമനിര്‍ദേശ പട്ടികയില്‍ ഇടംപിടിച്ച് ആര്‍ആര്‍ആര്‍ ; 'നാട്ടു, നാട്ടു' ഒറിജിനല്‍ സോങ് വിഭാഗത്തില്‍ - ഓസ്‌കര്‍ നാമനിര്‍ദേശ പട്ടികയില്‍ നാട്ടു നാട്ടു
ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം നേടിയതിന് പിന്നാലെയാണ് ഒറിജിനല്‍ സോങ് വിഭാഗത്തില്‍ ഓസ്‌കര്‍ നാമനിര്‍ദേശ പട്ടികയിലും ആര്‍ആര്‍ആര്‍ ഇടംപിടിച്ചത്
നടൻ ആലിസൺ വില്യംസും നടനും നിർമാതാവുമായ റിസ് അഹമ്മദും ചേര്‍ന്നാണ് നോമിനേഷനുകള്‍ പ്രഖ്യാപിച്ചത്. കാല ഭൈരവ, എംഎം കീരവാണി, രാഹുൽ സിപ്ലിഗഞ്ച് എന്നിവരാണ് 'നാട്ടു നാട്ടു' എന്ന ഗാനത്തിന്‍റെ വ്യക്തിഗത നോമിനികൾ. അതേസമയം, ഓസ്‌കറിലെ ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായ ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' തെരഞ്ഞെടുക്കപ്പെട്ടില്ല. പ്രതീക്ഷയുയര്‍ത്തിയ ചിത്രത്തെ തഴഞ്ഞത് ഇന്ത്യന്‍ സിനിമ പ്രേമികളില്‍ നിരാശയ്‌ക്കിടയാക്കി.
ഇന്ത്യയിലെ കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് പ്രതിപാദിക്കുന്നതാണ് ഓള്‍ ദാറ്റ് ബ്രീത്ത്‌സിന്‍റെ പ്രമേയം. ഷൗനക് സെന്നാണ് ഈ ഡോക്യുമെന്‍ററിയുടെ സംവിധായകന്‍. തമിഴ്‌നാട്ടിലെ മുതുമല ടൈഗർ റിസർവിലെ രണ്ട് ആനകളെ പരിചരിക്കുന്ന ഒരു കുടുംബത്തിന്‍റെ കഥയാണ് ദ എലിഫന്‍റ് വിസ്‌പറേഴ്‌സ് എന്ന ഡോക്യുമെന്‍ററി പറയുന്നത്. കാര്‍ത്തികി ഗോണ്‍സാല്‍വസിന്‍റേതാണ് സംവിധാനം.