ബൂന്ദി (രാജസ്ഥാന്‍): കാലില്‍ അണിഞ്ഞ വെള്ളി പാദസരത്തിനായി ഉറങ്ങിക്കിടക്കുകയായിരുന്ന വയോധികയുടെ കാല്‍ അറുത്ത് മാറ്റി കവര്‍ച്ച സംഘം. വെള്ളിയാഴ്‌ച(02.09.2022) രാത്രി ബൂന്ദിയിലെ നൈന്‍വ എന്ന പ്രദേശത്താണ് ഞെട്ടിക്കുന്ന സംഭവം. മോഷ്‌ടാക്കള്‍ ഇവരെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താനും ശ്രമിച്ചു.
എണ്‍പതുകാരിയായ ഉച്ച്‌ബി ഭായി വീട്ടില്‍ ഒറ്റയ്‌ക്കായ സമയത്താണ് കവര്‍ച്ച സംഘമെത്തിയത്. ഉറങ്ങിക്കിടക്കുകയായിരുന്ന വയോധികയെ മോഷ്‌ടാക്കള്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു. ഇതിനിടെ ഇവര്‍ ബോധരഹിതയായി.
മകന്‍ തുള്‍സിറാം സൈനിയാണ് വയോധികയെ കാല്‍ അറുത്ത് മാറ്റിയ നിലയില്‍ കണ്ടെത്തിയത്. ഗുരുതരാവസ്ഥയിലായ ഇവരെ ആദ്യം ജില്ല ആശുപത്രിയിലും പിന്നീട് കോട്ടയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തില്‍ കേസെടുത്ത പൊലീസ് പ്രതികള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കി.
അതേസമയം, സംഭവത്തില്‍ പ്രതികരണവുമായി മുന്‍മന്ത്രി പ്രഭു ലാല്‍ സൈനിയും കിസാന്‍ മഹാപഞ്ചായത്ത് ദേശീയ അധ്യക്ഷന്‍ രാംപാല്‍ ജാഠും രംഗത്തെത്തി. പ്രദേശത്ത് ഭീതി പടര്‍ന്നിട്ടുണ്ടെന്നും കുറ്റക്കാരെ ഉടന്‍ പിടികൂടണമെന്നും പ്രഭു ലാല്‍ സൈനി പ്രതികരിച്ചു. സംസ്ഥാന സര്‍ക്കാര്‍ വയോധികയുടെ ചികിത്സ ചിലവുകള്‍ ഏറ്റെടുക്കണമെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ടിനോട് രാംപാല്‍ ജാഠ് ആവശ്യപ്പെട്ടു.
Also read: സിഗ്നൽ വിഛേദിച്ച് ട്രെയിൻ നിർത്തിച്ച് കവർച്ച ; യാത്രക്കാരുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന് മോഷ്ടാക്കള്‍