അഹമ്മദാബാദ് : ഗുജറാത്തിലെ അഹമ്മദാബാദിൽ ബുധനാഴ്‌ച രാത്രിയുണ്ടായ വാഹനാപകടങ്ങളിൽ ഒൻപത് മരണം. ഇസ്‌കോൺ പാലത്തിലേക്ക് പോവുകയായിരുന്ന ടിപ്പര്‍ ലോറിക്ക് പിന്നിൽ മഹീന്ദ്ര ഥാർ ഇടിച്ചാണ് ആദ്യം അപകടം ഉണ്ടായത്. ഇതേത്തുടര്‍ന്ന് പ്രദേശത്ത് നിരവധി ആളുകൾ തടിച്ചുകൂടി. എന്നാൽ ഇവരുടെ മേലേക്ക് ഒരു ജാഗ്വാർ കാർ ഇടിച്ചുകയറുകയായിരുന്നു. ഇരുസംഭവങ്ങളിലുമായി ഒൻപത് പേരാണ് മരിച്ചത്. ആറുപേർ സംഭവസ്ഥലത്തുവച്ച് മരിച്ചു. അപകടത്തിൽ രണ്ട് പോലീസുകാര്‍ക്കും ജീവഹാനിയുണ്ടായി.15 പേർ പരിക്കേറ്റ് ആശുപത്രിയിലാണ്.
അമിതവേഗത്തിലെത്തി ആൾക്കൂട്ടത്തിനിടയിലേക്ക് :ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറിയ ജാഗ്വാർ കാർ 160 കിലോമീറ്ററിലധികം വേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ബോട്ടാട്, സുരേന്ദ്രനഗർ സ്വദേശികളായ യുവാക്കളാണ് മരിച്ചത്. ജാഗ്വാർ കാർ ഡ്രൈവർ ഉൾപ്പടെ 15-ലധികം പേരെ ഗുരുതരമായ പരിക്കുകളോടെ സോള സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മഹീന്ദ്ര ഥാര്‍, ടിപ്പർ ലോറിയിലിടിച്ച് അപകടമുണ്ടായതോടെ 50ഓളം പേർ ഇവിടെ തടിച്ചുകൂടിയിരുന്നു. ഇതിന് പിന്നാലെ അമിത വേഗതയിലെത്തിയ ജാഗ്വാർ കാർ നിയന്ത്രണം നഷ്‌ടപ്പെട്ട് ആളുകൾക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു.
മരിച്ച ആറ് പേരെ തിരിച്ചറിഞ്ഞു. അക്ഷയ് ചാവ്ദ (ബോട്ടാഡ്), ക്രുനാൽ കൊടിയ (ബോട്ടാഡ്). , അമൻ കാച്ചി (സുരേന്ദ്രനഗർ), അർമാൻ വാധ്വാനിയ (സുരേന്ദ്രനഗർ), നീരവ് (അഹമ്മദാബാദ്), ധർമേന്ദ്ര സിങ് (അഹമ്മദാബാദ് - പൊലീസ് കോൺസ്റ്റബിൾ). പരിക്കേറ്റവരെയും മരിച്ചവരെയും തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇവരിൽ ഭൂരിഭാഗവും വിദ്യാർഥികളാണെന്നും ബോട്ടാഡിൽ നിന്ന് അഹമ്മദാബാദിലേക്ക് പഠിക്കാൻ എത്തിയവരാണെന്നുമാണ് റിപ്പോർട്ടുകൾ.