മുംബൈ : മുംബൈ-ആഗ്ര ഹൈവേയിലുണ്ടായ ദാരുണമായ അപകടത്തിൽ ഒമ്പത് പേർ മരിച്ചു. 27 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി പൊലീസ് അറിയിച്ചു. മരിച്ചവരിൽ നാല് പുരുഷന്മാരും രണ്ട് സ്ത്രീകളും മൂന്ന് കുട്ടികളുമുണ്ടെന്ന് ധൂലെ പൊലീസ് സൂപ്രണ്ട് സഞ്ജയ് ബർകുന്ദ് ഇടിവി ഭാരതിനോട് സ്ഥിരീകരിച്ചു. അപകടത്തെ തുടര്‍ന്ന് തടസപ്പെട്ട ഗതാഗതം പുനസ്ഥാപിച്ചതായും അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്രയുടെയും മധ്യപ്രദേശിന്‍റെയും അതിർത്തിയിലുള്ള ധൂലെ ജില്ലയിലെ പലസ്‌നർ ഗ്രാമത്തിലാണ് അപകടമുണ്ടായത്. അമിത വേഗതയെ തുടര്‍ന്ന് നിയന്ത്രണം വിട്ട കല്ല് നിറച്ച കണ്ടെയ്‌നർ ലോറിയാണ് അപകടമുണ്ടാക്കിയത്.
ആദ്യം ഒരു കാറിന്‍റെ പിന്നിലാണ് കണ്ടെയ്‌നര്‍ ഇടിച്ചുകയറിയത്. തുടര്‍ന്ന് മറ്റൊരു കണ്ടെയ്‌നറിനെയും നാല് ഇരുചക്രവാഹനങ്ങളെയും ഇടിച്ചു. ശേഷം ഹൈവേയ്‌ക്ക് സമീപമുള്ള ഒരു ചെറിയ ഹോട്ടലിലേക്ക് ഇടിച്ച് കയറിയാണ് നിന്നത്.
കണ്ടെയ്‌നര്‍ ആദ്യം ഇടിച്ച കാറില്‍ ഭാര്യയും ഭർത്താവും രണ്ട് കുട്ടികളും ഡ്രൈവറുമാണ് ഉണ്ടായിരുന്നത്. ഭർത്താവിനും രണ്ട് കുട്ടികൾക്കും ഡ്രൈവർക്കും ഗുരുതരമായി പരിക്കേറ്റപ്പോള്‍ ഭാര്യ സംഭവസ്ഥലത്ത് തന്നെ മരിച്ചു. പരിക്കേറ്റവർ ഷിർപൂർ കോട്ടേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ദേശീയപാതയിൽ വീണ കല്ലുകള്‍ നീക്കം ചെയ്‌തതിന് ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.
അതേസമയം ജൂണ്‍ ഒന്നിന് പുലര്‍ച്ചെ മഹാരാഷ്‌ട്രയിലെ ബുൽധാനയിലെ സമൃദ്ധി എക്‌സ്‌പ്രസ് വേയിൽ ബസിന് തീപിടിച്ച് 26 പേർ മരണപ്പെട്ടിരുന്നു. മൂന്ന് കുട്ടികൾ ഉൾപ്പടെയുള്ള യാത്രക്കാരായിരുന്നു ബസിനുള്ളിൽ വെന്ത് മരിച്ചത്. നാഗ്‌പൂരിൽ നിന്ന് പുനെയിലേക്ക് 33 യാത്രക്കാരുമായി പോവുകയായിരുന്ന ബസ് ബുല്‍ധാനയിലെ സിന്ധ്‌ഖേദ്‌രാജയിൽ വച്ച് പുലർച്ചെ 1.32 നാണ് അപകടത്തിൽപ്പെടുന്നത്.