ലഖ്‌നൗ:ഒമിക്രോൺ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് രാത്രികാല കർഫ്യു ഏർപ്പെടുത്തി ഉത്തർപ്രദേശ് സർക്കാർ. ശനിയാഴ്‌ച മുതൽ രാത്രി 11 മുതൽ പുലർച്ചെ അഞ്ച് മണി വരെയാണ് കർഫ്യു.
കൂട്ടംചേരലുകൾക്കും സംസ്ഥാന സർക്കാർ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകൾക്ക് 200 പേർക്ക് മാത്രമേ പങ്കെടുക്കാൻ അനുമതിയുള്ളൂ. ഇത്തരം ഒത്തുചേരലുകളിൽ പങ്കെടുക്കുന്നവർ കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്നും സർക്കാർ ഉത്തരവിട്ടു.
ഒമിക്രോണിന്‍റെ സാഹചര്യത്തിൽ രാജ്യത്ത് രാത്രികാല കർഫ്യു ഏർപ്പെടുത്തുന്ന രണ്ടാമത്തെ രാജ്യമാണ് ഉത്തർപ്രദേശ്. വ്യാഴാഴ്‌ച മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാൻ സംസ്ഥാനത്ത് രാത്രികാല കർഫ്യു ഏർപ്പെടുത്തിയിരുന്നു. എന്നാൽ മധ്യപ്രദേശിൽ ഇതുവരെ ഒമിക്രോൺ കേസുകളൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല.
അടുത്ത രണ്ട് മാസത്തിനുള്ളിൽ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് മാറ്റിവെക്കുന്നത് പരിഗണിക്കണമെന്ന് അലഹബാദ് ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മിഷനോട് അഭ്യർഥിച്ചതിന് തൊട്ടുപിന്നാലെയാണ് ഉത്തർപ്രദേശ് രാത്രി കർഫ്യൂ പ്രഖ്യാപിച്ചത്.
Also Read: രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ 350 കടന്നു; പ്രതിരോധം ശക്തമാക്കാന്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശം