ന്യൂഡൽഹി : നന്ദിഗ്രാമിലെ റീകൗണ്ടിങ്ങില്‍ തീരുമാനം എടുക്കാനുള്ള അന്തിമ അധികാരം റിട്ടേണിങ് ഓഫിസർക്ക് ആണെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ. നന്ദിഗ്രാം നിയോജകമണ്ഡലത്തിലെ വോട്ടുകളും തപാൽ ബാലറ്റുകളും വീണ്ടും എണ്ണണമെന്ന് തൃണമൂൽ കോൺഗ്രസ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് കമ്മിഷന്‍റെ പ്രതികരണം. ആർ.പി. ആക്ട്, 1951 പ്രകാരം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കാൻ റിട്ടേണിങ് ഓഫിസർക്കാണ് അധികാരമെന്ന് കമ്മിഷൻ അറിയിച്ചു.
ALSO READബിജെപിയെ ഭരണത്തിലേറ്റാത്തതിന് ബംഗാള്‍ ജനതയോട് നന്ദി പറഞ്ഞ് കർഷക നേതാക്കൾ
അതേസമയം, പരാജയത്തിനുശേഷം പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വോട്ടെണ്ണൽ പ്രക്രിയ ചോദ്യം ചെയ്തതിനാൽ നന്ദിഗ്രാം നിയമസഭ മണ്ഡലത്തിലെ റിട്ടേണിങ് ഓഫീസർക്ക് സുരക്ഷ നൽകുമെന്ന് പശ്ചിമ ബംഗാൾ സർക്കാർ കമ്മിഷനെ അറിയിച്ചിരുന്നു. കൂടാതെ വോട്ടുകൾ രോഖപ്പെടുത്തിയ ഇവിഎം / വിവിപാറ്റ് മെഷീനുകൾ, ബൂത്തുകളിൽ നിന്നും പകർത്തിയ ദൃശ്യങ്ങൾ, സ്റ്റാറ്റ്യൂട്ടറി പേപ്പറുകൾ എന്നിവയുൾപ്പെടെ എല്ലാ തെരഞ്ഞെടുപ്പ് രേഖകളും സുരക്ഷിതമായി സൂക്ഷിക്കണമെന്ന് ചീഫ് ഇലക്ടറൽ ഓഫിസർ നിർദേശം നൽകിയിട്ടുണ്ട്. കമ്മിഷൻ നിർദേശിച്ച മാർഗ നിർദേശങ്ങൾ അനുസരിച്ച് കർശനമായി രേഖകൾ പരിശോധിക്കണമെന്നും കമ്മിഷൻ അറിയിച്ചു.
294 സീറ്റുകളുള്ള പശ്ചിമ ബംഗാൾ നിയമസഭയിൽ 213 സീറ്റുകൾ നേടി തൃണമൂൽ കോൺഗ്രസ് വിജയിച്ചിരുന്നു. 77 സീറ്റുകൾ മാത്രമാണ് ബിജെപിക്ക് നേടാനായത്. തുടർച്ചയായ മൂന്നാം തവണയും മമത ബാനർജി മുഖ്യമന്ത്രിയാകും.