വിശാഖപട്ടണം: ഒരു ആയുസ് മുഴുവൻ പണിയെടുത്ത പണം കൊണ്ടു വാങ്ങിയ ഭൂമിക്കായുള്ള നിയമയുദ്ധത്തിൽ മടുത്ത് റിട്ട. പൊലിസ് ഉദ്യോഗസ്ഥൻ. വിശാഖപട്ടണം സ്വദേശി റിട്ട. എഎസ്‌ഐ കാജ ചിന്നറാവുവാണ് നിയമക്കുരുക്കിൽ മനംമടുത്ത് ദയാവധം ആവശ്യപ്പെട്ട് ജില്ല കലക്‌ടർക്ക് അപേക്ഷ നൽകിയത്. ചിന്നറാവുവിന്‍റെ ഭൂമി നിരോധിത മേഖലയിൽ ഉൾപ്പെടുത്തിയതോടെയാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്.
ഭൂമിക്കായി പോരാടി മടുത്തു; ദയാവധം ആവശ്യപ്പെട്ട് റിട്ട. പൊലിസ് ഉദ്യോഗസ്ഥൻ - നിരോധിത മേഖല
ഭൂമി നിരോധിത മേഖലയിൽ ഉൾപ്പെടുത്തിയതോടെ ക്രിയവിക്രിയം നടത്താൻ സാധിക്കാത്തത് മൂലം ബുദ്ധിമുട്ടിലായതോടെയാണ് റിട്ട. എഎസ്‌ഐ കാജ ചിന്നറാവു ദയാവധം ആവശ്യപ്പെട്ട് ജില്ല കലക്‌ടർക്ക് അപേക്ഷ നൽകിയത്.
വിശാഖപട്ടണത്തെ മഥുര വാഡ കോളനിയിലാണ് ചിന്നറാവുവിന്‍റെ ഭൂമി. വിശാഖ അർബൻ ഡെവലപ്‌മെന്‍റ് അതോറിറ്റി (വുഡ) അനുവദിച്ച സ്ഥലമാണ് ചിന്നറാവു വാങ്ങിയത്. എന്നാൽ അധികൃതർ 22എ വകുപ്പ് പ്രകാരം ഭൂമി നിരോധിത മേഖലയിൽ ഉൾപ്പെടുത്തുകയായിരുന്നു. നിരോധിത മേഖലയിലായതിനാൽ ഭൂമി വില്‍ക്കാനാവാത്ത അവസ്ഥയാണ്. സർക്കാർ ഉദ്യോഗസ്ഥരുടെ കടുത്ത അനാസ്ഥകാരണമാണ് തങ്ങളുടെ ഭൂമി നിരോധിത പട്ടികയിൽ ഉൾപ്പെടുത്തിയത്. സ്‌പാൻദാന പരിപാടിയിൽ പലതവണ ആവശ്യപ്പെട്ടിട്ടും ഉദ്യോഗസ്ഥർ അവഗണിച്ചതായി അദ്ദേഹം പറഞ്ഞു.
പലതവണ ഓഫിസുകളിൽ കയറിയിറങ്ങി മടുത്തിട്ടാണ് ദയാവധം ആവശ്യപ്പെട്ട് ജില്ല കലക്‌ടർ ഡോ. മല്ലികാർജുനയ്ക്ക് അപേക്ഷ നൽകിയത്. എന്നാൽ കലക്‌ടർ പോയി മരിക്കാനാണ് പറഞ്ഞതെന്നും ചിന്നറാവു പറഞ്ഞു. ഈ പ്രായത്തിൽ എത്രനാൾ ഇനി ഇതിന്‍റെ പുറകെ നടക്കാൻ കഴിയുമെന്ന് അറിയില്ല. സർക്കാർ എത്രയും വേഗം ഈ പ്രശ്‌നം പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.