ന്യൂഡൽഹി: കർഷക പ്രക്ഷോഭം ശക്തമാകുന്ന സാഹചര്യത്തിൽ പ്രതികരണവുമായി റിലയൻസ് ഇൻഡസ്ട്രീസ്. കരാർ കൃഷിയിലേക്ക് പ്രവേശിക്കാൻ പദ്ധതിയില്ലെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ആർ.ഐ.എൽ) അറിയിച്ചു. കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർ സമീപ ദിനങ്ങളിൽ പഞ്ചാബിലെ 500 ഓളം മൊബൈൽ ടവറുകളും ടെലികോം ഉത്പന്നങ്ങളും നശിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് റിലയൻസിൻ്റെ പ്രതികരണം.
കർഷക പ്രക്ഷോഭം; കൃഷിയിലേക്ക് പ്രവേശിക്കാൻ പദ്ധതിയില്ലെന്ന് റിലയൻസ് - റിലയൻസ്
കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർ സമീപ ദിനങ്ങളിൽ പഞ്ചാബിലെ 500 ഓളം മൊബൈൽ ടവറുകളും ടെലികോം ഉത്പന്നങ്ങളും നശിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് റിലയൻസിൻ്റെ പ്രതികരണം.
കർഷകരെ ശാക്തീകരിക്കാൻ റിലയൻസ് പ്രതിജ്ഞാബദ്ധമാണ്. കരാർ കൃഷിക്കായി ഒരിക്കലും കാർഷിക ഭൂമി വാങ്ങിയിട്ടില്ലെന്നും ഇനി വാങ്ങാൻ പദ്ധതിയില്ലെന്നും കമ്പനി പ്രസ്‌താവനയിൽ അറിയിച്ചു. കർഷകരിൽ നിന്ന് അന്യായമായ നേട്ടം നേടുന്നതിനായി ഒരിക്കലും ദീർഘകാല സംഭരണ കരാറുകളിൽ കമ്പനി ഏർപ്പെട്ടിട്ടില്ലെന്നും സബ്‌സിഡിയറിയായ റിലയൻസ് റീട്ടെയിൽ കർഷകരിൽ നിന്ന് നേരിട്ട് ഭക്ഷ്യധാന്യങ്ങൾ വാങ്ങുന്നില്ലെന്നും അറിയിച്ചു.
അതേസമയം ടവറുകൾ നശിപ്പിച്ചതിനെതിരെ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകിയിട്ടുണ്ട്. തങ്ങളുടെ ജീവനക്കാരെയും സ്വത്തുക്കളെയും സംരക്ഷിക്കാനാണ് ഹർജി എന്നും പ്രസ്‌താവനയിൽ പറയുന്നു.