ഒഡിഷ (മയൂർഭഞ്ജ്): ചൂട് ദോശ, അതിനൊപ്പം തേങ്ങ ചട്‌ണി.. ഇഡ്ഡ്ലിക്കൊപ്പം തക്കാളി ചട്‌ണി.. ഉള്ളി ചട്‌ണി, പുതിന ചട്‌ണി, വെള്ളരിക്ക ചട്‌ണി, ശർക്കര ചട്‌ണി.. ഇനിയുമുണ്ട് ചട്‌ണിക്കഥയിലെ രുചി വൈവിധ്യം. ഈ പറഞ്ഞതിനെ കുറിച്ചൊന്നുമല്ല ഇനി പറയാൻ പോകുന്നത്. അതാണ് ഉറുമ്പ് ചട്‌ണി. പേര് കേട്ട് അമ്പരക്കേണ്ട..
ഈ രുചി വേറെ ലെവലാണ്.. പുളിയുറുമ്പ് ചട്‌ണിയാകുന്ന (ഉറുമ്പ് ചട്‌ണി) ദൃശ്യവും കഥയും കുറച്ച് ചുവന്ന ഉറുമ്പും അതായത് നമ്മുടെ പുളിയുറുമ്പ്... അതിനൊപ്പം പച്ചമുളകും ഇഞ്ചിയും വെളുത്തുള്ളിയും മല്ലിയിലയും ഉപ്പും ചേർത്ത് അരച്ചെടുത്താല്‍ ഉറുമ്പ് ചട്‌ണി റെഡി. പറയുമ്പോൾ സംഗതി എളുപ്പമാണ്. പക്ഷേ അത്ര എളുപ്പമല്ല ഉറുമ്പ് ചട്‌ണി ഉണ്ടാക്കിയെടുക്കാൻ. ഭക്ഷണമായി മാത്രമല്ല, ആദിവാസികൾ മരുന്നായിട്ടാണ് ഉറുമ്പ് ചട്‌ണി അധികവും ഉപയോഗിക്കുന്നത്. കാരണം പ്രധാന സംഗതിയായ പുളിയുമ്പിനെ കിട്ടണമല്ലോ..
പനി, ജലദോഷം, കഫക്കെട്ട്, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ എന്നിവയ്‌ക്കെല്ലാം ഉറുമ്പ് ചട്‌ണി ഒരു പരിഹാരമാണെന്ന് ഭുവനേശ്വറിലെ മയൂർഭഞ്ജ് ജില്ലയിലെ ആദിവാസികൾ പറയും. ഇവരുടെ ഉറുമ്പ് ചട്‌ണിക്ക് ജിയോ ടാഗ് (ഭൗമ സൂചിക പദവി) ലഭിച്ചിട്ടുണ്ടെന്നറിയുമ്പോഴാണ് ആള് കേമനാണെന്ന് പുറം ലോകം അറിയുന്നത്. അതുമാത്രമല്ല, പ്രോട്ടീൻ, കാല്‍ഷ്യം, സിങ്ക് എന്നിവയാല്‍ സമ്പന്നമായ ഉറുമ്പ് ചട്‌ണി മനുഷ്യന്‍റെ രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുമെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധർ പറയുന്നത്.
ഇന്ത്യയില്‍ ഒഡിഷ, ജാർഖണ്ഡ്, ആന്ധ്രപ്രദേശ്, ഛത്തീസ്ഗഢ്, കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ വിവിധ വിഭാഗങ്ങളില്‍ ഉള്ളവരുടെ പ്രധാന ഭക്ഷണം കൂടിയാണ് ഉറുമ്പ് ചട്‌ണി. എന്തായാലും ഇനി ദോശയ്ക്കും ഇഡ്ഡ്‌ലിക്കും ഒപ്പം ഉറുമ്പ് ചട്‌ണിയും ആകാം... ഭൗമസൂചിക പദവിയൊക്കെ ലഭിച്ച ചട്‌ണിയാണല്ലോ...