ന്യൂഡൽഹി: കൊവിഡ് വാക്‌സിനേഷന്‍റെ പുതുക്കിയ മാർഗ നിർദേശങ്ങൾ പ്രകാരം വാക്‌സിൻ വിതരണം ആരംഭിച്ചു. ആദ്യ ദിവസമായ തിങ്കളാഴ്‌ച മാത്രം 69 ലക്ഷത്തിലധികം വാക്‌സിൻ ഡോസുകൾ രാജ്യത്തുടനീളം നൽകിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ജനുവരി 16ന് വാക്‌സിനേഷൻ ഡ്രൈവ് ആരംഭിച്ചതിന് ശേഷം ആദ്യമായാണ് രാജ്യത്ത് ഇത്രയധികം ആളുകൾക്ക് ഒറ്റ ദിവസം വാക്‌സിൻ നൽകുന്നത്.
എല്ലാവരും വാക്‌സിൻ സ്വീകരിക്കണമെന്നും നമുക്ക് ഒന്നിച്ച് കൊവിഡിനെ തോൽപ്പിക്കാം എന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്‌തുകൊണ്ട് പറഞ്ഞു. കേന്ദ്ര സർക്കാർ പുറത്തിറക്കിയ പുതുക്കിയ മാർഗനിർദേശങ്ങൾ അനുസരിച്ച് ജനസംഖ്യ, കൊവിഡ് വ്യാപനം, കുത്തിവയ്പ്പിലെ പുരോഗതി തുടങ്ങിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വാക്‌സിൻ ഡോസുകൾ നൽകുക.