ന്യൂഡല്‍ഹി :റിപ്പോ നിരക്കില്‍ (RBI Repo Rate) മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (Reserve Bank Of India). റിപ്പോ നിരക്ക് 6.5 ശതമാനം ആയിത്തന്നെ തുടരും. പണനയ അവലോകന യോഗത്തിന് പിന്നാലെയാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസിന്‍റെ പ്രഖ്യാപനം (Reserve Bank Of India New Repo rate).
പണപ്പെരുപ്പത്തെ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും പണപ്പെരുപ്പം ലക്ഷ്യസ്ഥാനത്ത് എത്തിക്കാന്‍ കമ്മിറ്റി പ്രതിജ്ഞാബദ്ധരാണെന്നും ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. ഉപഭോക്തൃ വില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം (Consumer Price Based Inflation- CPI) ഓഗസ്റ്റില്‍ 6.38 ശതമാനത്തില്‍ എത്തിയിരുന്നു.
ഈ പശ്ചാത്തലത്തിലാണ് മോണിറ്ററി പോളിസി കമ്മിറ്റി യോഗം നടന്നത്. പണപ്പെരുപ്പത്തിന്‍റെ സെപ്‌റ്റംബറിലെ കണക്ക് അടുത്ത ആഴ്‌ചയില്‍ പ്രതീക്ഷിക്കുന്നതായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ വ്യക്തമാക്കി. പെട്ടെന്നുള്ള ഭക്ഷ്യ-ഇന്ധന വിലക്കയറ്റം നേരിടാന്‍ ധനനയം സമ്പൂര്‍ണ സന്നദ്ധമായിരിക്കണമെന്നും ശക്തികാന്ത ദാസ് പറഞ്ഞു.
അതേസമയം മൂന്നാം പാദത്തില്‍ ഭക്ഷ്യ വിലപ്പെരുപ്പം സുസ്ഥിരമായ ലഘൂകരണത്തിലേക്ക് എത്തില്ലെന്നാണ് സൂചനയെന്നും അദ്ദേഹം വ്യക്തമാക്കി. മെച്ചപ്പെട്ട ആസ്‌തി ഗുണനിലവാരത്തിന്‍റെ (Improved asset quality) പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ബാങ്കിങ് സംവിധാനം പ്രതിരോധശേഷി ഉള്ളതായി തുടരുന്നതായും ഗവര്‍ണര്‍ പറഞ്ഞു.
അതേസമയം വിപണിയിലെ പണലഭ്യത കുറയ്‌ക്കാനായി ഓഗസ്റ്റില്‍ അവതരിപ്പിച്ച ഇന്‍ക്രിമെന്‍റല്‍ കാഷ് റിസര്‍വ് റേഷ്യോ (ICRR) പിന്‍വലിച്ചിട്ടുണ്ട്. മിച്ചം വന്ന ലിക്വിഡിറ്റി കമ്മിയായതോടെയാണ് ഐസിആര്‍ആര്‍ പിന്‍വലിച്ചത്. ഉത്സവ സീസണ്‍ പ്രമാണിച്ച് വായ്‌പ ഡിമാന്‍റിനെ ബാധിക്കാതെ മിതമായ പണലഭ്യത വിപണിയില്‍ നിലനിര്‍ത്താനും റിസര്‍വ് ബാങ്ക് ലക്ഷ്യം വയ്‌ക്കുന്നുണ്ട്.
എന്താണ് റിപ്പോ നിരക്ക് :റിസര്‍വ് ബാങ്ക്, ബാങ്കുകള്‍ക്ക് വായ്‌പ നല്‍കുന്നതിലെ പലിശ നിരക്കിനെയാണ് റിപ്പോ നിരക്ക് എന്ന് പറയുന്നത്. റിപ്പോ നിരക്ക് കുറയ്‌ക്കുമ്പോള്‍ ബാങ്കുകള്‍ക്ക് കുറഞ്ഞ നിരക്കില്‍ റിസര്‍വ് ബാങ്കില്‍ നിന്ന് വായ്‌പ ലഭിക്കുകയും റിപ്പോ നിരക്ക് വര്‍ധിക്കുമ്പോള്‍ പലിശ നിരക്ക് വര്‍ധിക്കുകയും ചെയ്യുന്നു. റിപ്പോ നിരക്ക് ബാങ്കുകളുമായി മാത്രം ബന്ധപ്പെട്ടതാണെന്ന് കരുതിയെങ്കില്‍ തെറ്റി.
റിപ്പോ നിരക്കിലെ വ്യത്യാസങ്ങള്‍ സാധാരണക്കാരെയും ബാധിക്കും എന്നതാണ് യാഥാര്‍ഥ്യം. റിപ്പോ നിരക്ക് കുറയുമ്പോള്‍ കുറഞ്ഞ പലിശയില്‍ ബാങ്കുകള്‍ക്ക് വായ്‌പ ലഭിക്കുകയും ബാങ്കുകള്‍ കുറഞ്ഞ പലിശ നിരക്കില്‍ ഉപഭോക്താക്കള്‍ക്ക് വായ്‌പകള്‍ നല്‍കുകയും ചെയ്യും.