മുംബൈ: രാജ്യത്തെ ഏറ്റവും ഉയര്‍ന്ന കറന്‍സിയായ 2000 രൂപ പിന്‍വലിച്ച നടപടിക്ക് പിന്നാലെ പ്രചാരത്തിലുണ്ടായിരുന്ന 50 ശതമാനം നോട്ടുകളും ബാങ്കുകളിലേക്ക് തിരിച്ചെത്തിയതായി അറിയിച്ച് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. 2023 മാര്‍ച്ച് 31 വരെ 3.62 ലക്ഷം കോടി രൂപയുടെ 2000 രൂപ കറന്‍സികളാണ് പ്രചാരത്തിലുണ്ടായിരുന്നത്. എന്നാല്‍ പിന്‍വലിക്കല്‍ പ്രഖ്യാപനത്തെ തുടര്‍ന്ന് ഇതുവരെ 1.80 ലക്ഷം കോടി രൂപ ബാങ്കിങ് സംവിധാനങ്ങളിലേക്ക് മടങ്ങിയെത്തിയതായും അദ്ദേഹം വ്യക്തമാക്കി. 2000 രൂപ നോട്ടുകളില്‍ 85 ശതമാനവും ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപമായാണ് വരുന്നതെന്നും ഇത് പ്രതീക്ഷിച്ചതാണെന്നും ശക്തികാന്ത ദാസ് കൂട്ടിച്ചേര്‍ത്തു.
അതേസമയം 2000 രൂപയുടെ നോട്ടുകള്‍ മാറിയെടുക്കുന്നതിനോ ബാങ്കുകളില്‍ നിക്ഷേപിക്കുന്നതിലോ പരിഭ്രാന്തരാകരുതെന്നും അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കണമെന്നും പൊതുജനങ്ങളോട് ആര്‍ബിഐ ഗവര്‍ണര്‍ മുമ്പ് അഭ്യര്‍ഥിച്ചിരുന്നു. 500 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നതിനെക്കുറിച്ചോ 1000 രൂപ നോട്ടുകൾ വീണ്ടും അവതരിപ്പിക്കുന്നതിനെക്കുറിച്ചോ ആർബിഐ ആലോചിക്കുന്നില്ലെന്നും ഇത് സംബന്ധിച്ച് ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. പിൻവലിച്ച 2000 രൂപ കറൻസി നോട്ടുകളിൽ ഭൂരിഭാഗവും സെപ്റ്റംബർ 30-നകം ബാങ്കുകളിലേക്ക് തിരികെയെത്തുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും ആർബിഐ ഗവർണർ അഭിപ്രായപ്പെട്ടിരുന്നു.
ഇക്കഴിഞ്ഞ മെയ് 19 നാണ് 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കുകയാണെന്ന സുപ്രധാന അറിയിപ്പ് റിസര്‍വ് ബാങ്ക് നടത്തിയത്. കറന്‍സി മാനേജ്‌മെന്‍റിന്‍റെ ഭാഗമായായാണ് 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നതെന്നും, ഇതുപ്രകാരം മെയ് 23 നകം ഈ നോട്ടുകള്‍ മാറ്റിയെടുക്കാമെന്നും (ഒറ്റത്തവണ 20,000 രൂപ വരെ) ആര്‍ബിഐ വ്യക്തമാക്കിയിരുന്നു. മാത്രമല്ല കറന്‍സി മാറ്റിയെടുക്കുന്നതിനും ബാങ്കുകളില്‍ നിക്ഷേപിക്കുന്നതിനും 2023 സെപ്‌റ്റംബര്‍ 30 വരെ സൗക്യമുണ്ടായിരിക്കുമെന്നും ആര്‍ബിഐ അറിയിച്ചിരുന്നു.