മഥുര (ഉത്തർപ്രദേശ്) : വിവിധ സ്ഥലങ്ങളിൽ നിന്നായി പിടികൂടി ഗോഡൗണിൽ സൂക്ഷിച്ചിരുന്ന കഞ്ചാവ് എലി തിന്നു എന്ന വിചിത്രവാദം കോടതിയിലുന്നയിച്ച് ഉത്തർപ്രദേശ് പൊലീസ്. ഒന്നും രണ്ടുമല്ല ഏകദേശം 581 കിലോ കഞ്ചാവ് എലി നശിപ്പിച്ചുവെന്നാണ് പൊലീസ് കോടതിയിൽ അറിയിച്ചത്. നേരത്തെ സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന ലിറ്റർ കണക്കിന് മദ്യം എലികൾ കുടിച്ചുതീർത്തു എന്ന ഉത്തർപ്രദേശ് പൊലീസിന്‍റെ വിശദീകരണം വലിയ വാർത്തയായിരുന്നു.
മഥുര ജില്ലയിലെ ഹൈവേ, ഷെർഗാഡ് പൊലീസ് സ്റ്റേഷനുകളിൽ സൂക്ഷിച്ചിരുന്ന 60 ലക്ഷത്തോളം വില വരുന്ന കഞ്ചാവാണ് എലികൾ നശിപ്പിച്ചത്. ഈ വർഷം ആദ്യമാണ് മഥുരയിലെ കോടതി സിറ്റി പൊലീസിനോട് നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്‌ട് 1985 പ്രകാരം പിടിച്ചെടുത്ത വസ്‌തുക്കൾ ഹാജരാക്കാൻ ആവശ്യപ്പെട്ടത്. പിന്നാലെയാണ് എലിയുടെ കഥയുമായി പൊലീസ് കോടതിയിലെത്തിയത്.