ഉത്തരകാശി (ഉത്തരാഖണ്ഡ്) : നീണ്ട 17 ദിനങ്ങള്‍. പുറം ലോകം കാണാതെ ആ 41 പേര്‍ തകര്‍ന്നു വീണ തുരങ്കത്തിനകത്ത് പ്രാര്‍ഥനയില്‍ കഴിഞ്ഞപ്പോള്‍ രാജ്യം ഒന്നടങ്കം അവര്‍ തിരിച്ചെത്തുമെന്ന ഉറച്ച പ്രതീക്ഷയിലായിരുന്നു. കഴിയുന്നത്ര സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തിയുള്ള രക്ഷാപ്രവര്‍ത്തനം. സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും കാര്യങ്ങള്‍ വിലയിരുത്തിക്കൊണ്ടിരുന്നു. ഒടുവില്‍ 17-ാം ദിനം ഇന്നലെ (നവംബര്‍ 28) അവര്‍ ഉറ്റവര്‍ക്കരികിലെത്തി, അതും സുരക്ഷിതരായി.
കഴിഞ്ഞ രണ്ടാഴ്‌ചയായി രാജ്യത്തിന്‍റെ ശ്രദ്ധ മുഴുവന്‍ ഉത്തകാഖണ്ഡ് ഉത്തരകാശിയിലെ സില്‍ക്യാരയിലായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് വിലങ്ങുതടിയായി പല ഘടകങ്ങള്‍. ഒടുവില്‍ റാറ്റ് ഹോള്‍ മൈനിങ് സാങ്കേതിക വിദ്യ ഉപയോഗപ്പടുത്താനുള്ള തീരുമാനത്തിലെത്തി (Rat hole mining experts about Silkyara tunnel collapse rescue). അമേരിക്കന്‍ യന്ത്രങ്ങള്‍ വരെ പരാജയപ്പെട്ട അപകടമുഖത്ത് ഈ ഖനന തന്ത്രം വിജയിച്ചു (Rat hole mining technique in Silkyara tunnel).
റാറ്റ് ഹോള്‍ ഖനന സാങ്കേതിക വിദ്യയില്‍ വിദഗ്‌ധരായ ഫിറോസ് ഖുറേഷിയും മോനു കുമാറും ആണ് ടണല്‍ തുരന്നെത്തി തൊഴിലാളികള്‍ക്ക് പ്രതീക്ഷയുടെ വെളിച്ചം നല്‍കിയത്. പുറം ലോകം കാണാന്‍ പ്രാര്‍ഥനയോടെ കഴിഞ്ഞിരുന്ന തൊഴിലാളികള്‍ ആദ്യമായി കാണുന്നതും ഫിറോസ് ഖുറേഷിയേയും മോനു കുമാറിനെയും തന്നെ. തങ്ങളെ രക്ഷപ്പെടുത്താന്‍ അതി കഠിനമായ മാര്‍ഗത്തിലൂടെ എത്തിയ ഫിറോസിനും മോനുവിനും നിറഞ്ഞ കണ്ണുകളോടെയാണ് തൊഴിലാളികള്‍ നന്ദി പറഞ്ഞത്. ഇരുവരെയും ആലിംഗനം ചെയ്‌തും തൊഴിലാളികള്‍ തങ്ങളുടെ സ്‌നേഹം അറിയിച്ചു (reactions of workers who were rescued from Silkyara tunnel).
'തുരങ്കാവശിഷ്‌ടങ്ങളുടെ അവസാന ഭാഗത്ത് എത്തിയപ്പോള്‍ തന്നെ ഞങ്ങള്‍ക്ക് തൊഴിലാളികള്‍ പറയുന്നത് കേള്‍ക്കാമായിരുന്നു. അവശിഷ്‌ടം നീക്കം ചെയ്‌തതിന് ശേഷം ഞങ്ങള്‍ മറുവശത്തേക്ക് ഇറങ്ങി' -ഖുറേഷി മാധ്യമങ്ങളോട് വിവരിച്ചു. 'തൊഴിലാളികള്‍ ഞങ്ങളോട് നന്ദി പറയുകയും ആലിംഗനം ചെയ്യുകയും ചെയ്‌തു. അവര്‍ എന്നെ തോളില്‍ കയറ്റി. അവരേക്കാള്‍ സന്തോഷവാനാണ് ഞാന്‍' -ഖുറേഷി പറഞ്ഞു. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റോക്ക്‌വെല്‍ എന്‍റര്‍പ്രൈസസിലെ ടണലിങ് വിദഗ്‌ധനാണ് ഡല്‍ഹിയില്‍ നിന്നുള്ള ഖുറേഷി.