ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപതി മുർമുവിനെതിരായ പരാമര്‍ശത്തില്‍ ഖേദം രേഖപ്പെടുത്തി കോൺഗ്രസ് എംപി അധിർ രഞ്ജൻ ചൗധരി. രാഷ്‌ട്രപതിയെ നേരില്‍ കണ്ട് ക്ഷമ ചോദിക്കുമെന്ന് അദ്ദേഹം അറിയിച്ചു. സംഭവിച്ചത് നാക്ക് പിഴയാണെന്നും ഇക്കാര്യം രാഷ്ട്രപതിയെ ധരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം പ്രതിപക്ഷത്തിന്‍റെ പ്രതിഷേധത്തോട് പ്രതികരിച്ച അദ്ദേഹം തെരഞ്ഞെടുപ്പ് സമയത്ത് സോണിയാ ഗാന്ധിയെക്കുറിച്ച് ബിജെപി എന്തെല്ലാമാണ് പറഞ്ഞത് എന്ന് ചോദിച്ചു. ശശി തരൂരിന്‍റെ ഭാര്യയെ കുറിച്ചും, രേണുക ചൗധരിയെ കുറിച്ചുമെല്ലാം ബിജെപി എന്തെല്ലാം പറഞ്ഞു. ഇതില്‍ ഒന്നും അവര്‍ ഖേദം പ്രകടിപ്പിച്ചില്ല. എന്നാല്‍ താന്‍ അങ്ങനെയല്ലെന്നും രഷ്ട്രപതിയെ നേരില്‍ കണ്ട് കാര്യങ്ങള്‍ അറിയിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഇതിന് പിന്നാലെ ചൗധരിക്കെതിരെ ദേശീയ വനിത കമ്മീഷന്‍ നോട്ടീസ് അയച്ചു. ഓഗസ്റ്റ് മൂന്നിന് 11.30ന് കമ്മിഷന് മുമ്പാകെ ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
പ്രതിഷേധവുമായി സ്മൃതി ഇറാനിയും നിര്‍മല സീതാരാമനും: അധിർ രഞ്ജൻ ചൗധരിയുടെ ഭാഗത്ത് നിന്നുണ്ടായത് മനഃപൂർവമായ ലൈംഗിക അധിക്ഷേപമായിരുന്നുവെന്നും വിഷയത്തിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി മാപ്പ് പറയണമെന്നും കേന്ദ്രമന്ത്രി നിർമല സീതാരാമൻ പറഞ്ഞിരുന്നു. കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിയും കോൺഗ്രസിനെതിരെ രംഗത്തെത്തി. കോൺഗ്രസ് ആദിവാസി വിരുദ്ധ, ദലിത് വിരുദ്ധ, സ്ത്രീ വിരുദ്ധ പാർട്ടിയാണെന്നും ദ്രൗപതി മുർമുവിനെതിരായ ദുരുദ്ദേശപരമായ പ്രവൃത്തിക്ക് മാപ്പ് പറയണമെന്നും സ്‌മൃതി ഇറാനി ആവശ്യപ്പെട്ടു.
' മുർമു പാവ സ്ഥാനാർഥിയാണെന്നും തിന്മയുടെ പ്രതീകമാണെന്നുമാണ് കോൺഗ്രസ് വിശേഷിപ്പിക്കുന്നത്. രാജ്യത്തിന്‍റെ പരമോന്നത ഭരണഘടന പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടും മുർമുവിനെതിരായ കോൺഗ്രസിന്‍റെ ആക്രമണങ്ങൾ അവസാനിക്കുമെന്ന് തോന്നുന്നില്ല എന്നും സ്‌മൃതി ഇറാനി പറഞ്ഞു. വനിത നേതാവായ സോണിയ ഗാന്ധി നയിച്ചിട്ടും ഭരണഘടന പദവികളിലുള്ള സ്ത്രീകളെ അപമാനിക്കുന്നത് കോൺഗ്രസുകാർ തുടരുകയാണെന്നും സ്‌മൃതി ഇറാനി കൂട്ടിച്ചേർത്തു'. ചൗധരിയുടെ പരാമർശത്തിനെതിരെ വ്യാഴാഴ്‌ച കേന്ദ്രമന്ത്രി നിർമല സീതാരാമൻ ഉൾപ്പെടെയുള്ള വനിത എംപിമാർ പാർലമെന്‍റ് സമുച്ചയത്തിൽ പ്രതിഷേധിച്ചു.
പരാമർശം അധിറിനു പറ്റിയ നാക്കുപിഴയാണെന്നും വിഷയത്തിൽ അദ്ദേഹം നേരത്തെ തന്നെ ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്നും സോണിയ ഗാന്ധി പ്രതികരിച്ചു.
Also Read:'ബോധപൂർവമായ ലൈംഗികാധിക്ഷേപം': അധിർ ചൗധരിയുടെ 'രാഷ്‌ട്രപത്നി' പരാമർശത്തിനെതിരെ ബിജെപി