ഹൈദരാബാദ് : നടി രശ്‌മിക മന്ദാനയുടേതെന്ന പേരിൽ വ്യാപകമായി പ്രചരിച്ച വീഡിയോ കൃത്രിമമെന്ന് തെളിഞ്ഞു (Rashmika Mandanna viral video turns out to be AI manipulated ). രശ്‌മിക ലിഫ്റ്റിൽ കയറുന്ന തരത്തിലുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടതിന് പിന്നാലെയാണ് ഇത് വ്യാജമാണെന്ന് കണ്ടെത്തിയത്. നടിയുടെ മോർഫ് ചെയ്‌ത വീഡിയോ ആണിതെന്നാണ് കണ്ടെത്തൽ. സംഭവത്തിൽ നടൻ അമിതാഭ് ബച്ചൻ ഉൾപ്പടെയുള്ളവർ ശക്തമായ നിയമനടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.
ലക്ഷക്കണക്കിന് ആളുകളാണ് സമൂഹ മാധ്യമങ്ങളിലൂടെ ഈ ഡീപ് ഫേക്ക് വീഡിയോ കണ്ടത്. മാധ്യമ പ്രവർത്തകനായ അഭിഷേക് കുമാറാണ് വീഡിയോയ്‌ക്ക് പിന്നിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവന്നത്. ഇന്‍റർനെറ്റിൽ ഇത്തരത്തിൽ തെറ്റായ വിവരങ്ങളും മോർഫ് ചെയ്‌ത ദൃശ്യങ്ങളും പ്രചരിക്കുന്നത് തടയാൻ പുതിയ നിയമ-നിയന്ത്രണ ചട്ടക്കൂടുകൾ സൃഷ്‌ടിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു.
'ഇന്ത്യയിൽ ഡീപ് ഫേക്ക് കൈകാര്യം ചെയ്യാൻ നിയമപരവും നിയന്ത്രണപരവുമായ ഒരു ചട്ടക്കൂട് അടിയന്തരമായി ആവശ്യമാണ്. നടി രശ്‌മിക മന്ദാനയുടെ ഈ വൈറലായ വീഡിയോ നിങ്ങൾ ഇൻസ്റ്റഗ്രാമിൽ കണ്ടിരിക്കാം. എന്നാൽ ഇത് സാറ പട്ടേലിന്‍റെ ഡീപ്ഫേക്ക് വീഡിയോയാണ്'- അഭിഷേക് കുമാർ എക്‌സിൽ കുറിച്ചു.
'സാധാരണ സോഷ്യൽ മീഡിയ ഉപയോക്താക്കളെ എളുപ്പത്തിൽ വീഴ്‌ത്താൻ പര്യാപ്‌തമാണ് ഇത്തരം വൈറൽ വീഡിയോ. എന്നാൽ നിങ്ങൾ വീഡിയോ ശ്രദ്ധാപൂർവം നിരീക്ഷിച്ചാൽ, (0:01) ലിഫ്റ്റിലേക്ക് പ്രവേശിക്കുമ്പോൾ, യുവതിയുടെ മുഖം പെട്ടെന്ന് രശ്‌മികയിലേക്ക് (ഡീപ്പ്ഫേക്ക്) മാറുന്നതായി കാണാം'- അദ്ദേഹം കൂട്ടിച്ചേർത്തു.