ജയ്‌പൂര്‍(രാജസ്ഥാന്‍):അറിയപ്പെടുന്ന കോമഡി താരം ഖയാലി സഹാറനെതിരെ പീഡന ആരോപണത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്‌തു. രാജസ്ഥാനിലെ ജയ്‌പൂര്‍ നഗരത്തിലെ മാനസരോവർ പൊലീസ് സ്റ്റേഷനിലാണ് ഖയാലി സഹാറനെതിരെ കേസ് രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്. രാജസ്ഥാനിലെ ഹനുമാൻഗഡ് സ്വദേശിയാണ് ഖയാലി സഹാറന്‍.
ഹനുമാന്‍ഗഡില്‍ തന്നെ താമസിക്കുന്ന യുവതിയാണ് ഖയാലിക്കെതിരെ പീഡന പരാതി മാനസരോവര്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയത്. സിനിമ രംഗത്ത് അവസരങ്ങളുമായി ബന്ധപ്പെട്ട സംഭാഷണങ്ങള്‍ക്കായി ഒരു ഹോട്ടലിലേക്ക് വരാനായി ഖയാലി സഹാറന്‍ തന്നോട് ആവശ്യപ്പെട്ടെന്ന് യുവതി പൊലീസ് പരാതിയില്‍ പറയുന്നു. " ഖയാലി സഹാറന്‍ പറഞ്ഞത് പ്രകാരം ഞാന്‍ പ്രസ്‌തുത ഹോട്ടല്‍ റൂമിലേക്ക് ചെന്നപ്പോള്‍ എന്നെ അയാള്‍ ലൈംഗികമായി പീഡിപ്പിച്ചു," യുവതി പരാതിയില്‍ പറയുന്നു.
" പീഡനത്തെ ഞാന്‍ പ്രതിരോധിച്ചപ്പോള്‍ ഖയാലി ഭീഷണി മുഴക്കി. വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നായിരുന്നു ഭീഷണി. എന്നെ കളങ്കിതപ്പെടുത്തിയ ശേഷം സഹാറന്‍ ഖയാലി ഹോട്ടലില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു," യുവതി പരാതിയില്‍ ആരോപിക്കുന്നു.
പീഡന പരാതി സ്ഥിരീകരിച്ച് പൊലീസ്: ഖയാലി സഹാറന് എതിരെ പീഡനത്തിന് യുവതിയില്‍ നിന്ന് പരാതി ലഭിച്ച കാര്യം മാനസരോവർ പൊലീസ് സ്റ്റേഷന്‍ സ്ഥിരീകരിച്ചു. കേസ് രജിസ്റ്റര്‍ ചെയ്‌ത് അന്വേഷണം ആരംഭിച്ചെന്നും പൊലീസ് വ്യക്തമാക്കി. ടിവി സീരിയല്‍ നടനും, കൊമേഡിയനും, സംവിധായകനുമാണ് ഖയാലി സഹാറന്‍. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഖയാലി സഹാറന്‍ ആം ആദ്‌മി പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു എന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ ചൂണ്ടികാട്ടി. സിനിമ രംഗത്ത് അവസരങ്ങള്‍ നല്‍കാം എന്നുള്ള വാഗ്‌ദാനം നല്‍കി തന്‍റെ സുഹൃത്തിനേയും ഖയാലി സഹാറന്‍ ലൈംഗികമായി ചൂഷണം ചെയ്‌തതായി പരാതി നല്‍കിയ യുവതി ആരോപിക്കുന്നു.
താഴെ തട്ടില്‍ നിന്നും ഉയര്‍ന്ന് വന്ന താരം:രാജസ്ഥാനിലെ ഹനുമാൻഗഡ് ജില്ലയിലെ ഒരു ഗ്രാമത്തിലാണ് ഖയാലി സഹാറന്‍ ജനിച്ചത്. വികസനത്തില്‍ വളരെ പിന്നോക്കം നില്‍ക്കുന്ന ഗ്രാമമായിരുന്നു ഇത്. കലാ രംഗത്ത് പേരെടുത്തവര്‍ ഈ ഗ്രാമത്തില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ അഭിനയത്തിലും ഹാസ്യാവതരണത്തിലും പേരെടുക്കണമെന്ന അതിയായ ആഗ്രഹം തനിക്ക് ചെറുപ്പത്തിലെ ഉണ്ടായിരുന്നുവെന്ന് ഖയാലി സഹാറന്‍ പല വേദികളില്‍ പറഞ്ഞിട്ടുണ്ട്.
വളരെ പരിമിതമായ സാഹചര്യത്തില്‍ നിന്നാണ് ഖയാലി സഹാറന്‍ പ്രശസ്‌തിയിലേക്ക് ഉയരുന്നത്. ജീവിക്കാന്‍ വേണ്ടി പല ജോലികളും അദ്ദേഹം ചെയ്‌തു. ഒരു പഞ്ചസാര ഉല്‍പ്പാദന ഫാക്‌ടറിയില്‍ രാത്രി വാച്ച്മെന്‍ ആയി അദ്ദേഹം ജോലി ചെയ്‌തു. കലാ രംഗത്ത് പേര് എടുക്കണമെന്ന ആഗ്രഹത്തിന്‍റെ ഫലമായി കഠിനമായ ശ്രമങ്ങള്‍ നടത്തീയ അവസരങ്ങളില്‍ പലപ്പോഴും അദ്ദേഹം കടകളുടേയും മറ്റും വരാന്തകളില്‍ ഉറങ്ങിയിട്ടുണ്ടെന്ന് പല അഭിമുഖങ്ങളിലും അദ്ദേഹം പറഞ്ഞിട്ടുണ്ട്.
സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് പല കോമഡി സ്കിറ്റുകളും ഖയാലി സഹാറന്‍ അവതരിപ്പിച്ചിട്ടുണ്ട്. ടീച്ചര്‍മാരും സുഹൃത്തുക്കളും കല രംഗത്ത് ഉയർന്നുവരാൻ വേണ്ടി ഖയാലി സഹാറനെ പ്രോത്സാഹിപ്പിച്ചു. സ്‌റ്റാര്‍ വണ്‍ ചാനലിലെ 'The Great Indian Laughter Challenge', സോണി ചാനലിലെ 'Comedy Circus' എന്നീ പരിപാടികളില്‍ പങ്കെടുത്തതിലൂടെ ഖയാലി സഹാറന്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു.