തിരുവനന്തപുരം : സിപിഎം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണന്‍റെ മകന്‍ ബിനോയിക്കെതിരായ പീഡനക്കേസ് മുംബൈ ഹൈക്കോടതി തീര്‍പ്പാക്കി. പരാതിക്കാരിയും ബിഹാര്‍ സ്വദേശിയുമായ യുവതിക്ക് എണ്‍പത് ലക്ഷം രൂപ നഷ്‌ടപരിഹാരമായി നല്‍കിയാണ് കേസ് ഒത്തുതീര്‍പ്പാക്കിയത്. ഇതുസംബന്ധിച്ച് ഇരു കക്ഷികളും പരസ്‌പരം ധാരണയില്‍ എത്തുകയും ഇടപാടുകള്‍ മുംബൈ ഹൈക്കോടതി അംഗീകരിക്കുകയുമായിരുന്നു.
വിവാഹ വാഗ്‌ദാനം നല്‍കി പീഡിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി 2019ലാണ് യുവതി ബിനോയ് കോടിയേരിക്കെതിരെ പരാതി നല്‍കിയത്. ഇരുവരുടെയും ബന്ധത്തില്‍ ഒരു മകനുള്ളതായും കുട്ടി ഇപ്പോള്‍ തനിക്കൊപ്പമാണെന്നും യുവതി വ്യക്തമാക്കിയിരുന്നു. 2008 മുതല്‍ 2015 വരെ ദുബായിലെ ഒരു ഡാന്‍സ് ബാറില്‍ ജോലി ചെയ്യുമ്പോഴാണ് ഇരുവരുടെയും ബന്ധം ശക്തമായതെന്നും എല്ലാ മാസവും കുട്ടിയുടെ ആവശ്യങ്ങള്‍ക്കായി ബിനോയ് പണമയച്ചിരുന്നുവെന്നും യുവതി പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
2019 ജൂലൈയിലാണ് യുവതി ബിനോയിക്കെതിരെ വിവാഹ വാഗ്‌ദാന ലംഘനവും ലൈംഗിക പീഡനവും ആരോപിച്ച് കേസ് നല്‍കുന്നത്. ഇത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് കോടിയേരി മുംബൈ ഹൈക്കോടതിയെ സമീപിച്ചു. ഇതോടെ മൂന്ന് പേരും ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാകാന്‍ കോടതി ആവശ്യപ്പെട്ടു. ബിനോയ് 2019 ജൂലൈ 30ന് കോടതിയില്‍ ഹാജരായി.
ഡിഎൻഎ പരിശോധന നടത്തിയെങ്കിലും ഫലം ഇതുവരെ പുറത്തുവന്നിട്ടില്ല. ഇതിനിടയിലാണ് രണ്ട് കക്ഷികളും കേസ് ഒത്തുത്തീര്‍പ്പാക്കാന്‍ തീരുമാനിച്ച വിവരം മുംബൈ ഹൈക്കോടതിയെ അറിയിച്ചത്. ഇരുവരുടെയും ആവശ്യം കോടതി അംഗീകരിച്ചു. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയുകയും നിലവില്‍ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുമുള്ള കോടിയേരി ബാലകൃഷ്‌ണന് കേസിന്‍റെ ഒത്തുതീർപ്പ് വലിയ ആശ്വാസമാണ്.
കോടിയേരി ബാലകൃഷ്‌ണന്‍റെ ഇളയ മകൻ ബിനീഷ് കോടിയേരിയെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം 2020 ഒക്‌ടോബറിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അറസ്റ്റ് ചെയ്‌തിരുന്നു. എന്നാല്‍ ഒരു വർഷത്തെ തടവുശിക്ഷയ്‌ക്ക് ശേഷം ബിനീഷ് കോടിയേരിക്ക് കോടതി ജാമ്യം അനുവദിച്ചു.