തന്‍റെ ആദ്യ നിര്‍മാണ സംരംഭമായ പാന്‍ ഇന്ത്യന്‍ സിനിമയുടെ പ്രഖ്യാപനം നടത്തി ആര്‍ആര്‍ആര്‍ താരം രാം ചരണ്‍. 'ദി ഇന്ത്യ ഹൗസ്' എന്ന് പേരിട്ടിരിക്കുന്ന സിനിമ ഞായറാഴ്‌ചയാണ് നടന്‍ പ്രഖ്യാപിച്ചത്. നിഖിൽ സിദ്ധാർഥയും അനുപം ഖേറുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ട്വിറ്ററിലൂടെയായിരുന്നു രാം ചരണിന്‍റെ ചിത്ര പ്രഖ്യാപനം. ഒരു വീഡിയോ പങ്കുവച്ചുകൊണ്ടായിരുന്നു താരത്തിന്‍റെ ട്വീറ്റ്. 'നമ്മുടെ മഹാനായ സ്വാതന്ത്ര്യ സമര സേനാനി വീർ സവർക്കർ ഗാരുവിന്‍റെ 140-ാം ജന്മവാർഷിക വേളയിൽ നിഖിൽ സിദ്ധാർഥ, അനുപം ഖേർ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ഞങ്ങളുടെ പാൻ ഇന്ത്യ ഫിലിം - ദി ഇന്ത്യ ഹൗസ് പ്രഖ്യാപിക്കുന്നതിൽ അഭിമാനിക്കുന്നു. രാം വംശി കൃഷ്‌ണയാണ് സംവിധായകൻ! ജയ് ഹിന്ദ്!"
സിനിമയുടെ ടീസറും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. സ്വാതന്ത്ര്യത്തിന് മുമ്പുള്ള ലണ്ടനിലെ പശ്ചാത്തലമാണ് സിനിമയുടെ ഇതിവൃത്തം. ഇന്ത്യ ഹൗസിനെ ചുറ്റിപ്പറ്റിയുള്ള രാഷ്‌ട്രീയ സംഘര്‍ഷങ്ങളുടെ കാലത്ത് ഒരു പ്രണയ കഥ ഉണ്ടാകുന്നതിലേയ്‌ക്കാണ് ടീസര്‍ നല്‍കുന്ന സൂചന. പ്രഖ്യാപന വീഡിയോ പങ്കുവച്ചതിന് പിന്നാലെ ചുവന്ന ഹാര്‍ട്ട് ഇമോജികളും ഫയർ ഇമോജികളുമായി ആരാധകര്‍ കമന്‍റ് ബോക്‌സ് നിറച്ചു.
തന്‍റെ പുതിയ പ്രൊഡക്ഷൻ ബാനറായ വി മെഗാ പിക്‌ചേഴ്‌സിന്‍റെ ബാനറിലാണ് രാം ചരൺ ചിത്രം നിർമിക്കുന്നത്. അടുത്തിടെ താരം തന്‍റെ പ്രൊഡക്ഷന്‍ ബാനറായ വി മെഗാ പിക്‌ചേഴ്‌സ് പ്രഖ്യാപിച്ചിരുന്നു. സുഹൃത്ത് വിക്രം റെഡ്ഡിയുടെ യുവി ക്രിയേഷന്‍സുമായി ചേര്‍ന്നാണ് താരം പുതിയ ബാനര്‍ പ്രഖ്യാപിച്ചത്. അതേസമയം സിനിമയുടെ ഔദ്യോഗിക റിലീസ് തീയതിക്കായി ഇനിയും കാത്തിരിക്കണം.