ഹൈദരാബാദ്: നടി രാഖി സാവന്തിന്‍റെ പരാതിയില്‍ ഭര്‍ത്താവ് ആദില്‍ ദുരാനി ഖാന്‍ അറസ്‌റ്റില്‍. ആദില്‍ തന്‍റെ കയ്യില്‍ നിന്നും പണവും സ്വര്‍ണവും മോഷ്‌ടിച്ചുവെന്ന് ആരോപിച്ചായിരുന്നു രാഖി പരാതി നല്‍കിയത്. ഐപിസിയിലെ 406, 420 തുടങ്ങിയ വകുപ്പുകള്‍ പ്രകാരം ആദിലിനെതിരെ എഫ്‌ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
'രാഖിയുടെ പരാതിയെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് ദിവസമായി ആദിലിനെ തിരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്. നിലവില്‍ ആദിലിനെ ചോദ്യം ചെയ്‌തുകൊണ്ടിരിക്കുകയാണെന്നും അന്വേഷണത്തിന് ശേഷമെ എന്തെങ്കിലും പറയാനാകുവെന്നും' പൊലീസ് വ്യക്തമാക്കി.
വിവാഹ വാര്‍ത്തകളെ ചൊല്ലി കഴിഞ്ഞ ഏതാനും ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ ഇടം പിടിച്ച വ്യക്തികളായിരുന്നു ആദില്‍ ഖാനും രാഖി സാവന്തും. എന്നാല്‍, ആദില്‍ തന്നെ മര്‍ദിച്ചു എന്നാരോപിച്ചായിരുന്നു രാഖി അടുത്തിടെയായി വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്. പുലര്‍ച്ചെ ആദില്‍ തന്നെ കാണാന്‍ വന്നിരുന്നുവെന്നും ഒരു വാക്കുപോലും പറയാതെ തന്നെ മര്‍ദിക്കുകയായിരുന്നുവെന്നും രാഖി ആരോപിച്ചു.