ബെംഗളൂരു:കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹിയിൽ നടക്കുന്ന കർഷകരുടെ പ്രക്ഷോഭം ദക്ഷിണേന്ത്യയിലേക്ക് വ്യാപിപ്പിക്കാന്‍ തീരുമാനമായി. ഇതിന്‍റെ ഭാഗമായി ശിവമോഗയിൽ ഭാരതീയ കിസാൻ യൂണിയൻ റൈത്ത മഹാപഞ്ചായത്ത് പ്രസ്ഥാനം ആരംഭിച്ചു. മഹാപഞ്ചായത്തിനെ അഭിസംബോധന ചെയ്തുകൊണ്ട് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്താണ് ഇക്കാര്യം പറഞ്ഞത്.
കര്‍ഷക പ്രക്ഷോഭം; ബെംഗളൂരു ഉപരോധിക്കാൻ കർഷകർ തയ്യാറാകണമെന്ന് രാകേഷ് ടിക്കായത്ത്
കേന്ദ്ര സർക്കാർ മൂന്ന് കാർഷിക വിരുദ്ധ നിയമങ്ങളും പിൻവലിക്കുന്നത് വരെ പോരാട്ടം തുടരുമെന്നും രാകേഷ് ടിക്കായത്ത്
കേന്ദ്ര സർക്കാർ മൂന്ന് കാർഷിക വിരുദ്ധ നിയമങ്ങളും പിൻവലിക്കുന്നത് വരെ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഭാവിയിൽ ഭക്ഷണത്തിനും നിയമങ്ങൾ ഏർപ്പെടുത്തും. അതുകൊണ്ട് തന്നെ ഭക്ഷ്യമേഖലയെ ആക്രമിക്കുന്ന കമ്പനികളെ അവസാനിപ്പിക്കണം. കർഷകർക്ക് നിലവിൽ അവരുടെ തൊഴിൽ നഷ്ടപ്പെട്ടിരിക്കുകയാണെന്നും രാകേഷ് ടിക്കായത്ത് കൂട്ടിച്ചേർത്തു.
ട്രാക്ടറുകൾ ഉപയോഗിച്ച് ബെംഗളൂരു ഉപരോധിക്കാൻ കർഷകർ തയ്യാറാകണമെന്നും രാകേഷ് ടിക്കായത്ത് ആവശ്യപ്പെട്ടു. പഞ്ചാബ്, ഹരിയാന, മധ്യപ്രദേശ് എന്നിവിടങ്ങളിൽ മാത്രമാണ് കർഷകരുടെ പ്രക്ഷോഭം നടക്കുന്നത്. കർഷകരുടെ പ്രതിഷേധം അവസാനിക്കും വരെ പിന്തുണയ്ക്കണമെന്ന് അദ്ദേഹം കർഷകരോട് അഭ്യർഥിച്ചു. 'കിസാൻ മഞ്ച്' എന്ന പേരിൽ രാജ്യത്തിന്‍റെ രണ്ടാമത്തെ സ്വാതന്ത്ര്യസമരം ആരംഭിച്ചിരിക്കുന്നു. രാജ്യത്തെ എല്ലാ കർഷക യൂണിയനുകളും സംഘടനകളും ഒറ്റക്കെട്ടാണ്. ഡൽഹിയിലെ പ്രതിഷേധം തടയാൻ നരേന്ദ്ര മോദി ടാങ്കർ കൊണ്ടുവന്നാലും പ്രതിഷേധം തുടരുമെന്നും അദ്ദേഹം പറഞ്ഞു.