ന്യൂഡൽഹി:രാജ്യത്തിന്‍റെ യുദ്ധകാല പ്രവർത്തനങ്ങളുടെ ചരിത്രം ശേഖരിക്കൽ, തരംതിരിക്കൽ, പ്രസിദ്ധീകരണം എന്നിവ സംബന്ധിച്ച നയത്തിന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അംഗീകാരം നൽകി. പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഇന്‍റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ്, അസം റൈഫിൾസ്, ഇന്ത്യൻ കോസ്റ്റ് ഗാർഡ് എന്നിവ തങ്ങളുടെ യുദ്ധ ഡയറികൾ, നടപടി കത്തുകൾ, പ്രവർത്തന റെക്കോർഡ് പുസ്തകങ്ങൾ എന്നിവയുടെ രേഖകൾ ചരിത്ര വിഭാഗത്തിലേക്ക് മാറ്റുമെന്ന് നയം വ്യക്തമാക്കുന്നു.
കാലാകാലങ്ങളിൽ ഭേദഗതി വരുത്തിയ പബ്ലിക് റെക്കോർഡ് ആക്റ്റ് 1993, പബ്ലിക് റെക്കോർഡ് റൂൾസ് 1997 എന്നിവ പ്രകാരം രേഖകൾ തരംതിരിക്കാനുള്ള ചുമതല മന്ത്രാലയത്തിന് കീഴിലുള്ള ഓരോ വിഭാഗങ്ങളിലും നിക്ഷിപ്തമാണ്. 25 വർഷത്തിൽ കൂടുതൽ പഴക്കമുള്ള റെക്കോർഡുകൾ ആർക്കൈവൽ വിദഗ്ധർ വിലയിരുത്തുകയും യുദ്ധകാല പ്രവർത്തന ചരിത്രങ്ങൾ സമാഹരിച്ചുകഴിഞ്ഞാൽ നാഷണൽ ആർക്കൈവ്സ് ഓഫ് ഇന്ത്യയിലേക്ക് മാറ്റുകയും ചെയ്യും.